ദുബായ് സോളാർ പാർക്കിന്റെ രണ്ടാം യൂണിറ്റ് ഉല്പാദനം ആരംഭിച്ചു. ലോകത്തിലെ ഏറ്റവും വലിയ സോളാർ വൈദ്യുതി പാർക്കായ ദുബായ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോളാർ വൈദ്യുതി പാർക്കിലെ രണ്ടാമത്തെ യൂണിറ്റാണ് ഉൽപാദനം ആരംഭിച്ചത്. 200 മെഗാവാട്ട് ശേഷിയുള്ള ഈ യൂണിറ്റിൽ നിന്ന് 3,20,000 കുടുംബങ്ങൾക്ക് സൗരോർജം എത്തിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തുന്നത്.
സോളാർ പാർക്കിലെ നാലാംഘട്ടത്തിന്റെ ഭാഗമായി നിർമ്മിച്ച പാരാബോളിക് ബേസിൻ കോംപ്ലസ്ലിലെ രണ്ടാം യൂനിറ്റാണ് ഇന്ന് ദുബായ് ഇലക്ട്രിസിറ്റി ആന്റ് വാട്ടർ അതോറിറ്റി കമ്മീഷൻ ചെയ്തത്. 15.78 ബില്യൺ ദിർഹമാണ് ഈ ഘട്ടത്തിന്റെ ആകെ നിർമ്മാണ ചെലവ്. നാലാം ഘട്ടത്തിന്റെ മൊത്തം ഉൽപാദന ശേഷി 950 മെഗാവാട്ടാണ്. കോൺസൻട്രേറ്റഡ് സോളാർ പവർ, ഫോട്ടോവോൾടേക്ക് ടെക്നോളജി എന്നീ സാങ്കേതികവിദ്യകൾ സംയുക്തമായി പ്രയോജനപ്പെടുത്തിയാണ് പാർക്കിൽ സൗരോർജം ഉൽപാദിപ്പിക്കുന്നത്.