ഈ വര്‍ഷത്തെ ഭൗതിക ശാസ്ത്രത്തിനുള്ള നോബേല്‍ പുരസ്കാരം പ്രഖ്യാപിച്ചു. പിയറി അഗോസ്തിനി (അമേരിക്ക), ഫെറന്‍സ് ക്രൗസ് (ജര്‍മനി), ആന്‍ലെ ഹുയിലിയര്‍(സ്വീഡന്) എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്. ഭൗതിക ശാസ്ത്ര നോബേൽ നേടുന്ന അഞ്ചാമത്തെ വനിതയാണ് ആൻലെ ഹുയിലിയർ.
ഇലക്ട്രോണുകളെ കുറിച്ചുള്ള പഠനത്തിനാണ് മൂവർക്കും അംഗീകാരം ലഭിച്ചത്. ആറ്റോസെക്കന്‍ഡ്സ് ഫിസിക്സ് എന്ന പഠനമേഖലയിൽ നിര്‍ണായകമായ കാല്‍വയ്പാണ് ഇവര്‍ നടത്തിയത്. പ്രകാശത്തിന്റെ സൂക്ഷ്മസ്പന്ദനങ്ങള്‍ സൃഷ്ടിക്കാന്‍ സഹായിക്കുന്ന പരീക്ഷണങ്ങളായിരുന്നു ഈ മൂന്ന് ഗവേഷകരും നടത്തിയത്. ഇവരുടെ പഠനം ആറ്റങ്ങള്‍ക്കും തന്മാത്രകള്‍ക്കും ഉള്ളിലെ ഇലക്ടോണുകളെ കുറിച്ചുള്ള പരീക്ഷണ സാധ്യതകള്‍ക്ക് വഴി തുറക്കുന്നവയാണ്.
അതേസമയം കഴിഞ്ഞ വര്‍ഷം ഭൗതിക ശാസ്ത്രത്തിനുള്ള നോബേല്‍ സമ്മാനം നേടിയത് അലൈന്‍ ആസ്പെക്റ്റ്, ജോണ്‍ എഫ്. ക്ലോസര്‍, ആന്റണ്‍ സെയ്ലിംഗര് എന്നിവരായിരുന്നു. ക്വാണ്ടം മെക്കാനിക്സിനെക്കുറിച്ചുള്ള ഗവേഷണത്തിനായിരുന്നു ഇവർ പുരസ്കാരത്തിന് അർഹരായത്. ഏകദേശം 10 ലക്ഷം ഡോളർ ആണ് പുരസ്കാരത്തുക.