സൗദി അറേബ്യയിലെ ജിദ്ദയിൽ പുതിയ ഇൻഡോർ മൃഗശാല ആരംഭിച്ചു. ജിദ്ദയിലെ അൽ മുഹമ്മദിയ്യ ഡിസ്ട്രിക്ടിൽ സജ്ജീകരിച്ചിരിക്കുന്ന മൃഗശാലയിൽ നവംബർ 16 വരെയാണ് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. വനത്തിന്റെ പ്രതീതി ഉളവാക്കുന്ന രീതിയിൽ അടച്ചിട്ട ശീതീകരിച്ച ഉദ്യാനത്തിലാണ് മൃഗങ്ങളെ പാർപ്പിച്ചിരിക്കുന്നത്. അപൂർവ ഇനത്തിലുള്ളതും അല്ലാത്തതുമായ നിരവധി ജീവജാലങ്ങളെ കാണാനുള്ള അവസരമാണ് അധികൃതർ ഇതുവഴി ഒരുക്കുന്നത്.
ജിദ്ദ ഇവന്റ്സിന്റെ ഭാഗമായി സൗദി ഇവന്റ്സ് ഗ്രൂപ്പാണ് ജിദ്ദ ഇൻഡോർ മൃഗശാല സംഘടിപ്പിച്ചത്. മുതിർന്നവർക്ക് 50 റിയാലും കുട്ടികൾക്ക് 25 റിയാലും ആണ് ഇവിടേക്കുള്ള പ്രവേശന ടിക്കറ്റ് നിരക്ക്. രണ്ട് വയസിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യവുമാണ്. എല്ലാ ദിവസവും വൈകിട്ട് നാല് മണി മുതൽ രാത്രി 11 വരെയാണ് പ്രവേശനം അനുവദിക്കുക.