മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. മുടി പറ്റെ വെട്ടിയൊതുക്കി താടിയെടുത്ത് സ്റ്റൈലിഷ് ഗെറ്റപ്പിൽ നടന്ന് വരുന്ന മമ്മൂട്ടിയുടെ പുത്തൻ ലുക്ക് സോഷ്യൽ മീഡിയ ആഘോഷിക്കുകയാണ്. ‘ബിലാൽ പഴയ ബിലാൽ തന്നെ’എന്നായിരുന്നു എംഎൽഎ വി.കെ. പ്രശാന്ത് താരത്തിന്റെ പുതിയ ലുക്കിലുള്ള ചിത്രം പങ്കുവച്ചുകൊണ്ട് സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്. വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനു വേണ്ടിയാണ് മമ്മൂട്ടിയുടെ ഈ ലുക്കെന്നാണ് ആരാധകരുടെ കണ്ടെത്തൽ. മിഥുൻ മാനുവൽ തോമസ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. മാത്രമല്ല മിഥുനും മമ്മൂട്ടിയുടെ പുതിയ ലുക്ക് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
അതേസമയം മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ കണ്ണൂർ സ്ക്വാഡിന്റെ വമ്പൻ വിജയത്തിന് ശേഷം സിനിമയിൽ നിന്നൊരു ചെറിയ ഇടവേള എടുത്ത് വിദേശത്ത് അവധി ആഘോഷിക്കാൻ പോകുകയാണ് താരമിപ്പോൾ. ഒക്ടോബർ അവസാനത്തോടെ യാത്ര പൂർത്തിയാക്കി മമ്മൂട്ടി നാട്ടിൽ തിരികെയെത്തും. ഇതിന് ശേഷമായിരിക്കും വൈശാഖ് ചിത്രത്തിൽ താരം ജോയിൻ ചെയ്യുക. അച്ചായന്റെ വേഷത്തിലാകും മമ്മൂട്ടി ചിത്രത്തിലെത്തുന്നത് എന്നാണ് സൂചനകൾ. സിനിമയുടെ മറ്റു വിവരങ്ങളൊന്നും അണിയറ പ്രവർത്തകർ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.