സൗദി അറേബ്യയിൽ വധശിക്ഷ നടപ്പാക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ കൊലക്കേസ് പ്രതിക്ക് മാപ്പ് നൽകി കൊല്ലപ്പെട്ട യുവാവിന്റെ പിതാവ്. തബൂക്കിൽ വധശിക്ഷകൾ നടപ്പാക്കുന്ന ചത്വരത്തിലാണ് സംഭവം. പ്രതിക്ക് മാപ്പ് നൽകുന്നതിന് പകരം വൻതുക ദിയാധനം നൽകാമെന്നതുൾപ്പെടെ പലപ്രാവശ്യം പ്രതിയുടെ കുടുംബവും പൗരപ്രമുഖരും ചേർന്ന് നടത്തിയ മധ്യസ്ഥശ്രമങ്ങൾ കൊല്ലപ്പെട്ട യുവാവിന്റെ പിതാവ് മുതൈർ അൽഅതവി നേരത്തെ നിരാകരിച്ചിരുന്നു.
എന്നാൽ വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് തന്റെ മനസിലേക്ക് ദൈവം ദയ പകരുകയായിരുന്നെന്നും തുടർന്നാണ് ദൈവീക പ്രീതി മാത്രം ലക്ഷ്യമിട്ട് പ്രതിക്ക് മാപ്പ് നൽകാൻ തീരുമാനിച്ചതെന്നും മുതൈർ അൽഅതവി വ്യക്തമാക്കി. അഞ്ചു വർഷം മുമ്പ് തബൂക്കിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മുതൈർ അൽഅതവിയുടെ പുത്രനും പ്രതിയും തമ്മിലുണ്ടായ സംഘർഷത്തിനിടെ മുതൈറിന്റെ മകൻ കൊല്ലപ്പെടുകയായിരുന്നു. തുടർന്നാണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്.