അനിൽകുമാറിന്റെ ‘തട്ടം ‘ പ്രസ്താവനയെ തള്ളി കെ ടി ജലീൽ എംഎൽഎ

Date:

Share post:

തട്ടം വേണ്ടെന്ന് പറയുന്ന പെൺകുട്ടികൾ മലപ്പുറത്ത് ഉണ്ടായത് കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ വന്നതിന്റെ ഭാഗമായിട്ടാണെന്ന സിപിഐഎം നേതാവ് അഡ്വ. അനിൽകുമാറിന്റെ പ്രസ്താവനയെ തള്ളി കെ ടി ജലീൽ എംഎൽഎ. സ്വതന്ത്ര ചിന്തയെന്നാൽ തട്ടമിടാതിരിക്കലാണെന്ന് ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതിനെ പഴിചാരി കമ്മ്യൂണിസ്റ്റ് പാർട്ടിയെ പ്രതികൂട്ടിലാക്കാൻ ആരും നോക്കേണ്ടതില്ലെന്ന് കെ ടി ജലീൽ അഭിപ്രായപ്പെട്ടു. അഡ്വ. അനിൽകുമാറിന്റെ അഭിപ്രായം സിപിഐഎമ്മിന്റേതല്ലെന്ന് തിരിച്ചറിയാൻ വിവേകമുള്ളവർക്ക് ആകണമെന്ന് കെ ടി ജലീൽ ഫേസ്ബുക്ക് കുറിപ്പിൽ അഭിപ്രായപ്പെട്ടു.

‘മലപ്പുറത്ത് നിന്നും വരുന്ന പുതിയ പെൺകുട്ടികളെ കാണൂ നിങ്ങൾ. തട്ടം തലയിലിടാൻ വന്നാൽ അത് വേണ്ടായെന്ന് പറയുന്ന പെൺകുട്ടികൾ മലപ്പുറത്തുണ്ടായത് ഈ കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ വന്നതിന്റെ ഭാഗമായി തന്നെ, വിദ്യാഭ്യാസം ഉണ്ടായതിന്റെ ഭാഗമായി തന്നെയെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അതുകൊണ്ട് സ്വതന്ത്രചിന്ത വന്നതിൽ ഈ പ്രസ്ഥാനത്തിന്റെ പങ്ക് ചെറുതല്ല. ‘ എന്നായിരുന്നു അനിൽ കുമാറിന്റെ വാക്കുകൾ.

കെ ടി ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം-

വ്യക്തിപരമായ അഭിപ്രായം പാർട്ടിയുടേതാക്കി അവതരിപ്പിക്കുന്നത് തെറ്റിദ്ധാരണക്ക് ഇടവരുത്തും.

തട്ടമിടാത്തത് പുരോഗമനത്തിന്റെ അടയാളമേ അല്ല. കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ ഒരു മുസ്ലിം പെൺകുട്ടിയേയും തട്ടമിടാത്തവളാക്കി മാറ്റിയിട്ടില്ല. പർദ്ദയിട്ട മുസ്ലിം സഹോദരിയെ വർഷങ്ങളായി തിരുവനന്തപുരം കോർപ്പറേഷനിൽ കൗൺസിലറാക്കിയ പാർട്ടിയാണ് സി.പി.ഐ (എം). സ്വതന്ത്രചിന്ത എന്നാൽ തട്ടമിടാതിരിക്കലാണെന്ന് ആരെങ്കിലും തെറ്റിദ്ധരിച്ചതിനെ പഴിചാരി കമ്മ്യൂണിസ്റ്റ് പാർട്ടിയെ പ്രതിക്കൂട്ടിലാക്കാൻ ആരും ശ്രമിക്കേണ്ട.

ഒരു വ്യക്തിയുടെ അബദ്ധം ഒരു പാർട്ടിയുടെ തീരുമാനമാക്കി അവതരിപ്പിക്കാൻ ശ്രമിക്കുന്നത് തികഞ്ഞ വിവരക്കേടാണ്. കാളപെറ്റു എന്ന് കേൾക്കുമ്പോഴേക്ക് കയറെടുക്കുന്ന പ്രവണത ശരിയല്ല.

ലീഗ് നേതാവ് അബ്ദുറഹിമാൻ കല്ലായി മന്ത്രി റിയാസിനെ കുറിച്ച് ആക്രോശിച്ച ജൽപ്പനങ്ങൾ മുസ്ലിംലീഗിന്റെ നിലാപാടല്ലാത്തത് പോലെ, മന്ത്രി വീണാ ജോർജിനെതിരെ കെ.എം ഷാജി ഉപയോഗിച്ച സംസ്‌കാരശൂന്യ വാക്കുകൾ ലീഗിന്റെ നയമല്ലാത്തത് പോലെ, അഡ്വ: അനിൽകുമാറിന്റെ അഭിപ്രായം സി.പി.ഐ എമ്മിന്റേതുമല്ലെന്ന് തിരിച്ചറിയാൻ വിവേകമുള്ളവർക്കാവണം.

കേരളത്തിലെ 26% വരുന്ന മുസ്ലിം സമൂഹത്തെ കുറിച്ച് അത്യാവശ്യത്തിന് പോലുമുള്ള അറിവ് വലിയൊരു ശതമാനം പൊതുപ്രവർത്തകർക്കും സാഹിത്യ-കലാ -സാംസ്‌കാരിക നായകർക്കും പത്രമാധ്യമ പ്രവർത്തകർക്കും മത-സാമുദായിക നേതാക്കൾക്കുമില്ലെന്നത് ഒരു വസ്തുതയാണ്. അതുകൊണ്ടാണ് ഇത്തരത്തിലുള്ള പിശകുകൾ പലപ്പോഴും സംഭവിക്കുന്നത്. അവർ ഏത് രാഷ്ട്രീയ ചേരിയിൽ പെട്ടവരാണെങ്കിലും ശരി.

ഒരു ജനവിഭാഗത്തിന്റെ വൈകാരിക പ്രശ്‌നങ്ങളിലും ശരിയായ ബോദ്ധ്യത്തിന്റെ അടിസ്ഥാനത്തിലല്ലാതെ രാഷ്ട്രീയ നേതാക്കളും പൊതുപ്രവർത്തകരും പ്രതികരിക്കരുത്. സ്വന്തം അഭിപ്രായങ്ങൾ പറയുന്നതിൽ യാതൊരു തെറ്റുമില്ല. എന്നാൽ തന്റെ നിരീക്ഷണങ്ങൾ താൻ പ്രതിനിധാനം ചെയ്യുന്ന പാർട്ടിയുടേതാണെന്ന് വ്യങ്ങൃമായിപ്പോലും സൂചിപ്പിക്കുന്ന അഭിപ്രായപ്രകടനങ്ങൾ ഉണ്ടാകാതെ സൂക്ഷിക്കണം. അല്ലെങ്കിൽ വർഗ്ഗീയ മനോഭാവമുള്ളവരും രാഷ്ടീയ വൈരികളും അത് വ്യാപകമായി ദുരുപയോഗം ചെയ്യും.

എന്റെ സുഹൃത്തും സി.പി.ഐ (എം) ആലപ്പുഴ ജില്ലാകമ്മിറ്റി അംഗവുമായ എ.എം ആരിഫ് എം.പിയുടെ വന്ദ്യ മാതാവ് ഒരാഴ്ച മുമ്പാണ് മരണപ്പെട്ടത്. ഞാൻ അദ്ദേഹത്തിന്റെ വീട് സന്ദർശിച്ചിരുന്നു. തന്റെ ഉമ്മയുടെ മയ്യത്ത് നമസ്‌കാരത്തിന് നേതൃത്വം നൽകിയത് ആരിഫാണ്. മതാചാരപ്രകാരം ജീവിക്കുന്ന ലക്ഷക്കണക്കിന് സഖാക്കൾ ഉള്ള നാടാണ് കേരളം, ബഹുജന പാർട്ടിയാണ് സി.പി.ഐ (എം).

അത് മറന്ന് ചില തൽപരകക്ഷികൾ അഡ്വ: അനിൽകുമാറിന്റെ വ്യക്തിപരമായ നിരീക്ഷണം സി.പി.ഐ. എമ്മിന്റേതാണെന്ന വരുത്തിത്തീർത്ത് വിശ്വാസികളായ മുസ്ലിം വിഭാഗത്തിനിടയിൽ പ്രചരിപ്പിക്കുന്നത് മാന്യതക്ക് ചേർന്നതല്ല.

ഞങ്ങളുടെ മകൾ സുമയ്യ ബീഗം എം.ബി.ബി.എസ് പൂർത്തിയാക്കി ഡോക്ടറായി. അന്തമാനിലെ പോർട്ട്ബ്ലയറിലെ കേന്ദ്രസർക്കാർ മെഡിക്കൽ കോളേജിലാണ് അവൾ പഠിച്ചത്. നല്ല മാർക്കോടെ വിജയിച്ചു. ഞാനും ഭാര്യയും സുമയ്യയെ കൂട്ടാനും, 2017 ബാച്ചിന്റെ ‘ഫെയർവെൽ സെറിമണി’യിൽ പങ്കെടുക്കാനുമാണ് പോർട്ട്ബ്ലയറിൽ എത്തിയത്. ചടങ്ങിൽ സ്വാഗതം പറഞ്ഞത് സുമയ്യയാണ്. തട്ടമിട്ട അവൾ പുരോഗമന ചിന്തയിൽ ഒട്ടും പിന്നിലല്ല. വിദ്യാഭ്യാസമുള്ള തട്ടമിട്ട തലമുറയാണ് മലപ്പുറത്തെ പുരോഗമന പ്രസ്ഥാനത്തിന്റെ കരുത്ത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...