നടിയെ ആക്രമിച്ച കേസില്‍ ഗുരുതര വെളിപ്പെടുത്തലുകൾ നടത്തി ആര്‍. ശ്രീലേഖ ഐപിഎസ്. കേസിലെ പ്രതിയായ പള്‍സര്‍ സുനിയെ കുറിച്ചാണ് ആര്‍ ശ്രീലേഖ വെളിപ്പെടുത്തലുകള്‍ നടത്തിയത്. കേസിൽ പ്രതിയായ പള്‍സര്‍ സുനി മുൻപും നടിമാരെ തട്ടിക്കൊണ്ടുപോയി മൊബൈലില്‍ ദൃശ്യങ്ങൾ എടുത്ത് അവരെ ബ്ലാക് മെയില്‍ ചെയ്തിട്ടുണെന്ന് ശ്രീലേഖ പറയുന്നു. നടൻ ദിലീപിന് പങ്കുണ്ടെന്ന് താന്‍ ആദ്യം കരുതിയെന്നും എന്നാൽ പള്‍സര്‍ സുനി ക്വട്ടേഷന്‍ എടുത്തിരുന്നെങ്കില്‍ ആദ്യമേ അത് പോലീസിനോട് തുറന്നുപറയാനുള്ള സാഹചര്യമായിരുന്നെന്നും ആര്‍ ശ്രീലേഖ പറയുന്നു.
‘പൾസർ സുനി ഉൾപ്പടെ ഉള്ളവർ ക്വട്ടേഷന്‍ സംഘങ്ങളാണോ എന്നതില്‍ സംശയമുണ്ട്. കാശുണ്ടാക്കാന്‍ സ്വന്തമായി തന്നെയാണ് മുൻപും പലതും ചെയ്തിട്ടുള്ളത്. ഇത് ക്വട്ടേഷന്‍ അല്ല. സുനിയെ അറസ്റ്റ് ചെയ്ത് മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് ഗൂഡാലോചന വാര്‍ത്ത പുറത്തുവന്നത്. ജയിലില്‍ കിടക്കുമ്പോള്‍ സുനിയുടെ സഹതടവുകാരന്‍ ദീലീപിന്റെ സുഹൃത്ത് നാദിര്‍ഷയെ ഫോണില്‍ വിളിച്ചുവെന്നായിരുന്നു ആദ്യ കണ്ടെത്തല്‍. ജയിലില്‍ നിന്ന് ഫോണ്‍ ചെയ്യാന്‍ ഒരിക്കലും കഴിയില്ല. കോടതിയില്‍ പോയപ്പോള്‍ സുനി ഫോൺ കടത്തിക്കൊണ്ടുവന്നതാണെന്നാണ് സഹതടവുകാരന്റെ മൊഴി. ഇതിനൊരിക്കലും ഇടയില്ലെന്നും ശ്രീലേഖ വെളിപ്പെടുത്തി.
ദിലീപ് ഇങ്ങനെയൊക്കെ ചെയ്യുമോ എന്നാശങ്കയുണ്ടായിരുന്നെന്നും ദീലിപിന്റെ ജീവിതത്തില്‍ വ്യക്തിപരമായി നിരവധി പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും ശ്രീലേഖ ഐപിഎസ് പറഞ്ഞു.
‘ദിലീപിന്റെ പെട്ടന്നുണ്ടായ ഉയര്‍ച്ചയില്‍ ഒരുപാട് ശത്രുക്കളുണ്ടായി. അസൂയാവഹമായ ഒരുപാട് കാര്യങ്ങൾ ദിലീപ് ചെയ്തതിനാൽ വളരെ ശക്തരായ ചിലര്‍ ദിലീപിനെതിരായി. ആ സാഹചര്യത്തില്‍ ദിലീപിന്റെ പേര് പറഞ്ഞതാകാനാണ് സാധ്യത. മൂന്ന് നാല് മാസം മിണ്ടാതിരുന്നിട്ട് പിന്നീടാണ് പള്‍സര്‍ സുനി ദിലീപിന്റെ പേര് പറയുന്നത്. മാധ്യമങ്ങള്‍ എല്ലാം വളച്ചൊടിച്ചു. ദിലീപിന്റെ ആദ്യ ചോദ്യം ചെയ്യലിന് ശേഷം പൊലീസുകാരുടെ മേല്‍ വരെ മാധ്യമങ്ങൾ സമ്മർദ്ദം ചെലുത്തി.’
‘രണ്ടാമത്തെ പ്രാവശ്യം ചോദ്യം ചെയ്തപ്പോഴും അറസ്റ്റുണ്ടായപ്പോഴും എന്തെങ്കിലും പങ്കുണ്ടായിരിക്കുമെന്ന് താൻ കരുതി. ജയിലില്‍ കിടക്കുന്ന ദിലീപിനെ കാണാന്‍ ചെന്നപ്പോള്‍ അദ്ദേഹം അവശനിലയിലായിരുന്നു. പിടിച്ച് എഴുനേൽപ്പിച്ചപ്പോൾ തളര്‍ന്നുവീഴുകയായിരുന്നു. ഇയര്‍ ബാലന്‍സ് പ്രശ്‌നമടക്കം ഉണ്ടായി വയ്യാത്ത അവസ്ഥയായിരുന്നു. താൻ ഇടപെട്ട് ചികിത്സ നൽകാനും രണ്ട് പായ, എക്‌സ്ട്രാ പുതപ്പ്, ചെവിയില്‍ വക്കാന്‍ പഞ്ഞി എന്നിവയൊക്കെ കൊടുക്കാനും ഏര്‍പ്പാടാക്കി.’ ഇങ്ങനെ പോകുന്നു ശ്രീലേഖയുടെ വെളിപ്പെടുത്തലുകൾ.