മലയാള ചലച്ചിത്ര ഗാനരചയിതാവും നാടൻപാട്ട് രചയിതാവുമായ അറുമുഖൻ വെങ്കിടങ്ങ് (65) അന്തരിച്ചു. 350 ഓളം നാടൻ പാട്ടുകളുടെ രചയിതാവാണ്.
അന്തരിച്ച നടനും ഗായകനുമായ കലാഭവൻ മണി ആലപിച്ചിരുന്ന മിക്ക നാടൻപാട്ടുകളുടെയും രചയിതാവാണ് ഇദ്ദേഹം. ഇരുന്നൂറോളം പാട്ടുകൾ ഇദ്ദേഹം കലാഭവൻ മണിക്കുവേണ്ടി രചിച്ചു. ചാലക്കുടി ചന്തയ്ക്ക് പോകുമ്പോൾ അടക്കം കലാഭവൻ മണി പാടി ജനപ്രിയമാക്കിയ നിരവധി പാട്ടുകളുടെ പിന്നിൽ ഇദ്ദേഹമായിരുന്നു. തൃശ്ശൂർ ജില്ലയിലെ വെങ്കിടങ്ങിൽ നടുവത്ത് ശങ്കരൻ- കാളി ദമ്പതികളുടെ മകനായി ജനിച്ച അറുമുഖൻ, വിനോദ കൂട്ടായ്മകളിലും നാട്ടിൻപുറത്തെ ഗാനമേളകളിലും ഗാനങ്ങൾ രചിച്ചായിരുന്നു തുടക്കം.
സിനിമയ്ക്ക് വേണ്ടിയും അറുമുഖൻ പാട്ടുകൾ എഴുതിയിട്ടുണ്ട്. 1998ൽ പുറത്തിറങ്ങിയ മീനാക്ഷി കല്യാണം എന്ന ചിത്രത്തിലെ കൊടുങ്ങല്ലൂരമ്പലത്തിൽ, മീശമാധവനിലെ ഈ എലവത്തൂർ കായലിന്റെ, ഉടയോൻ എന്ന ചിത്രത്തിലെ മൂന്ന് ഗാനങ്ങൾ എന്നിവയുടെ വരികൾ എഴുതിയത് അറുമുഖനാണ്.