മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി ഒരു സിനിമയിലെ വില്ലന്റെ സ്പിൻ ഓഫ് സിനിമ വരുന്നു. ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ആക്ഷൻ എന്റർടെയ്നർ ‘മാർക്കോ’ ആണ് മലയാള സിനിമയിൽ പുതിയ ചരിത്രം സൃഷ്ടിക്കുന്നത്. ‘മിഖായേല്‍’ എന്ന നിവിൻ പോളി ചിത്രത്തിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച മാർക്കോ ജൂനിയർ എന്ന വില്ലൻ കഥാപാത്രത്തെ ആസ്പദമാക്കി ഒരുക്കുന്ന മുഴുനീള ചിത്രമാണിത്.
ക്യൂബ്സ് എന്റർടെയ്ൻമെന്റ് ആണ് 30 കോടി ബജറ്റിൽ ഒരുങ്ങുന്ന ചിത്രം നിർമിക്കുന്നത്. സിനിമയുടെ ഫസ്റ്റ്ലുക്ക് മോഷൻ പോസ്റ്റർ അണിയറ പ്രവർത്തകർ ഇതിനോടകം റിലീസ് ചെയ്തിട്ടുണ്. മിഖായേലിലെ മാർക്കോയുടെ തീം മ്യൂസിക് ഉൾപ്പെടുത്തിയാണ് മോഷൻ പോസ്റ്റർ റിലീസ് പുറത്ത് വിട്ടിരിക്കുന്നത്.
അതേസമയം ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ വ്യത്യസ്തമായ സ്റ്റൈലിഷ് വില്ലൻ വേഷങ്ങളിൽ ഒന്നായിരുന്നു മാർക്കോ എന്ന കഥാപാത്രം. ചിത്രത്തിലെ താരത്തിന്റെ പ്രകടനവും ഏറെ ശ്രദ്ധ നേടിയിരുന്നു. മുഴുനീള കഥാപാത്രമായി മാർക്കോ എത്തുന്നതോടെ പുതിയൊരു യൂണിവേഴ്സ് സൃഷ്ടിക്കുകയാണ് സംവിധായകനായ ഹനീഫ് അദേനി. മലയാളത്തിൽ നിന്നുള്ള ഏറ്റവും വയലൻസ് നിറഞ്ഞതും ക്രൂരവുമായ സിനിമകളിലൊന്നായിരിക്കും മാർക്കോ എന്നും സംവിധായകൻ അവകാശപ്പെട്ടു.