2023ലെ വൈദ്യശാസ്ത്ര നോബൽ പുരസ്കാരം കാറ്റലിൻ കാരിക്കോയും (ഹംഗറി), ഡ്രൂ വെയ്സ്മാനും(യുഎസ്) നേടി. കോവിഡ്-19 വാക്സീൻ ഗവേഷണത്തിനുള്ള സുപ്രധാന കണ്ടെത്തലിനാണ് പുരസ്കാരം. വാക്സീനുകളിൽ സഹായകരമായ എംആർഎൻഎയുമായി (മെസഞ്ചർ ആർഎൻഎ) ബന്ധപ്പെട്ട പഠനമാണ് ഇവരെ പുസ്കാരത്തിന് അർഹരാക്കിയത്. നൊബേൽ വൈദ്യശാസ്ത്ര വിഭാഗം സമിതിയുടെ സെക്രട്ടറി ജനറൽ തോമസ് പൾമൻ ആണ് വിജയികളെ പ്രഖ്യാപിച്ചത്.
ലോകത്തെ നടുക്കിയ കോവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ നടത്തിയ വാക്സീന് ഗവേഷണത്തിൽ ഏറെ ഗുണകരമായ കണ്ടെത്തലായിരുന്നു ഇത്. അതേസമയം മങ്കിപോക്സ്, ഹെപ്പറ്റൈറ്റിസ് എന്നീ രോഗങ്ങൾക്ക് വാക്സീൻ ഒരുക്കുന്നതിലും ഡ്രൂവിന്റെയും കാറ്റലിന്റെയും പഠനം സഹായകമായിട്ടുണ്ട്.
എംആർഎൻഎയുമായി ബന്ധപ്പെട്ട ബേസ് മോഡിഫിക്കേഷനെ കുറിച്ചായിരുന്നു ഇരുവരും പഠനം നടത്തിയത്. കോവിഡ് വാക്സീൻ നിർമാണ സമയത്ത് ഈ പഠനം ഏറെ സഹായകമാവുകയും ചെയ്തു. കോടിക്കണക്കിനു പേരുടെ ജീവൻ രക്ഷിക്കുന്നതിനും ഇത് കാരണമായി. കൂടാതെ എംആർഎൻഎ എങ്ങനെ രോഗപ്രതിരോധ സംവിധാനവുമായി ചേർന്നു പ്രവർത്തിക്കുന്നു എന്ന കണ്ടെത്തലുമാണ് ഇരുവരെയും നൊബേല്‍ സമ്മാനത്തിലേക്കു നയിച്ചതെന്നും സമിതി വ്യക്തമാക്കി.
ഹംഗറിയിലെ സഗാന്‍ സര്‍വകലാശാലയിലെ പ്രഫസറാണ് കാറ്റലിന്‍ കരീക്കോ. പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ പ്രഫസറാണ് ഡ്രൂ വെയ്സ്മാൻ. കൂടാതെ ആല്‍ഫ്രഡ് നൊബേലിന്റെ ചരമവാര്‍ഷിക ദിനമായ ഡിസംബര്‍ 10ന് പുരസ്കാരം സമ്മാനിക്കും. സര്‍ട്ടിഫിക്കറ്റും സ്വർണമെഡലും 1.1 കോടി സ്വീഡിഷ് ക്രോണയും (ഇന്ത്യൻ രൂപ ഏകദേശം 8.3 കോടി) അടങ്ങുന്നതാണ് പുരസ്കാരം