എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിൽ എൻ.ഐ.എ കുറ്റപത്രം സമർപ്പിച്ചു. ട്രെയിനിൽ തീവെച്ചതിലൂടെ പ്രതി ഷാറൂഖ് സെയ്ഫി ജിഹാദ് പ്രവർത്തനമാണ് ലക്ഷ്യമിട്ടത് എന്നാണ് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നത്. പ്രതി സമൂഹികമാധ്യമങ്ങളിലൂടെ മുസ്ലിം തീവ്രവാദത്തിൽ ആകൃഷ്ടനായിരുന്നെന്നും താൻ തിരിച്ചറിയപ്പെടില്ല എന്നതിനാലാണ് അക്രമത്തിന് കേരളം തിരഞ്ഞെടുത്തതെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്.
തീവെയ്പ്പിലൂടെ ജനങ്ങൾക്കിടയിൽ ഭീതിയുണ്ടാക്കി മടങ്ങാനായിരുന്നു ഇയാളുടെ പദ്ധതിയെന്നും പ്രതി ഒറ്റയ്ക്കാണ് കുറ്റകൃത്യം നടത്തിയതെന്നും കുറ്റപത്രത്തിൽ പ്രതിപാദിക്കുന്നുണ്ട്. പ്രതിക്കെതിരെ യുഎപിഎ അടക്കമുള്ള വകുപ്പുകൾ ചുമത്തി. ഏപ്രിൽ രണ്ടിനായിരുന്നു രാജ്യത്തെ നടുക്കിയ എലത്തൂർ ട്രെയിൻ തീവെയ്പ്പ് നടന്നത്. സംഭവത്തിൽ ഒരു കുട്ടി ഉൾപ്പെടെ മൂന്ന് പേർ മരിച്ചിരുന്നു. സംഭവം നടന്ന് ആറ് മാസത്തോടടുക്കുമ്പോഴാണ് എൻ.ഐ.എ കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത്.