ത്യാഗത്തിന്റെയും സഹനത്തിന്റെയും ബലി പെരുന്നാൾ ആഘോഷിച്ച് ഗൾഫ് മേഖലയിലെ വിശ്വാസ ലോകം. രാവിലെ പള്ളികളിലും ഈദ്ഗാഹുകളിലും നടന്ന പ്രത്യേക പ്രാര്‍ത്ഥനകളില്‍ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരുന്നു പ്രാര്‍ത്ഥനാ ചടങ്ങുകൾ.
ബന്ധുമിത്രാതികളുടെ കൂടിച്ചേരലുകൾക്കും ആഘോഷ പരിപാടികൾക്കും കോവിഡ് നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും സജീവ പങ്കാളിത്തമാണ് പ്രകടമാകുന്നത്. വിനോദ സഞ്ചാര കേന്ദ്രങ്ങളും മറ്റും സന്ദര്‍ശിക്കുന്നവരുടെയും എണ്ണം കൂടുതലാണ്. ഗൾഫ് മേഖലയിലെ പരമ്പരാഗത ആഘോഷ കേന്ദ്രങ്ങളില്‍ എല്ലാം തന്നെ തിരക്ക് അനുഭവപ്പെടുന്നുണ്ട്. ദീപാലംകൃതമാണ് മിക്ക കേന്ദ്രങ്ങളും.
പരസ്പരം ആശംസകൾ കൈമാറുന്നതിനൊപ്പം സമ്മാനങ്ങളും സക്കാത്തുകളും പങ്കിട്ടാണ് വിശ്വാസികൾ പെരുന്നാൾ ദിനത്തെ ആഘോഷമാക്കിയത്. ആഘോഷങ്ങൾ അപകടങ്ങളിലേക്ക് വഴിമാറാതിരിക്കാനുളള മുന്നരുക്കങ്ങൾ പൊലീസിന്റേയും ഇതര വകുപ്പുകളുടേയും മേല്നോട്ടത്തിലുണ്ട്. ബീച്ചുകളിലും സ്വിമ്മിങ് പൂളുകളിലും പോകുന്നവര്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്നും വാഹനങ്ങളുടെ വേഗപരിധി ഉള്‍പ്പെടെ എല്ലാ ഗതാഗത നിയമങ്ങളും കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ ഓര്‍മ്മപ്പെടുത്തി.
ആഘോഷങ്ങൾക്കിടെ ഹജ്ജ് കര്‍മ്മങ്ങളും പുരോഗമിക്കുകയാണ്.
അതേസമയം ഇന്ത്യയില്‍ ജൂലൈ 10 ഞായറാഴ്ചയാണ് ബലിപ്പെരുന്നാൾ.