ഏഷ്യൻ ഗെയിംസിൽ 10-ാം സ്വർണം സ്വന്തമാക്കി ഇന്ത്യ. സ്ക്വാഷ് ഫൈനലിൽ പാക്കിസ്ഥാനെ 2-1ന് കീഴടക്കി പുരുഷ ടീമാണ് സ്വർണ നേട്ടം കൊയ്തത്. വെറ്ററൻ താരം സൗരവ് ഘോഷാലും യുവതാരം അഭയ് സിങ്ങുമാണ് ഇന്ത്യയ്ക്കായി വിജയിച്ചത്. ഇന്ന് ഇന്ത്യ സ്വന്തമാക്കുന്ന രണ്ടാം സ്വർണമാണിത്.
എഷ്യൻ ഗെയിംസിലെ ഏഴാം ദിനം മിക്സഡ് ഡബിൾസ് ടെന്നീസിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ-ഋതുജ ഭോസാലെ സഖ്യം സ്വർണം നേടിയിരുന്നു. ഫൈനലിൽ ചൈനീസ് തായ്പേയിയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ സ്വർണം നേടിയത്. ആവേശകരമായ ഫൈനലിൽ ആദ്യ സെറ്റ് നഷ്ടപ്പെട്ടിട്ടും ഇന്ത്യൻ സഖ്യം തിരിച്ചടിച്ച് സ്വർണം നേടുകയായിരുന്നു.