സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാന്റെ ചുമതല ഏറ്റെടുക്കുമെന്ന് നടനും മുൻ എം.പിയുമായ സുരേഷ് ഗോപി അറിയിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. എന്നാൽ വരുമാനമുള്ള പദവിയോ ശമ്പളമുള്ള ജോലിയോ അല്ല ഇതെന്നും രാഷ്ട്രീയക്കാരനായി തുടരാൻ സാധിക്കും എന്നും മന്ത്രിയുടെ ഉറപ്പുള്ളതുകൊണ്ടാണ് ചുമതല ഏറ്റെടുക്കുന്നതെന്ന് അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കി. കൂടാതെ ചെയർമാൻ സ്ഥാനത്തേക്കുള്ള ക്ഷണത്തിനും സ്ഥിരീകരണത്തിനും ഇന്ത്യൻ പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ എന്നിവർക്ക് അദ്ദേഹം നന്ദിയും പറഞ്ഞു.
കൊൽക്കത്തയിലെ സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാൻ സ്ഥാനത്തേക്കുള്ള ക്ഷണത്തിനും സ്ഥിരീകരണത്തിനും ഇന്ത്യൻ പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, എന്റെ സുഹൃത്തും ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രിയുമായ അനുരാഗ് ഠാക്കൂർ എന്നിവർക്ക് നന്ദി അറിയിക്കുന്നു. 100 ശതമാനം ഇത് വരുമാനമുള്ള പദവിയല്ലെന്നും ശമ്പളമുള്ള ജോലിയല്ലെന്നും ഉറപ്പിച്ചു.
രാഷ്ട്രീയക്കാരന്റെ എല്ലാ സ്വാതന്ത്ര്യവും തുടർന്നും വഹിക്കാമെന്നുമുള്ള മന്ത്രിയുടെ ഉറപ്പോടെയാണ് ഞാൻ ചുമതല ഏറ്റെടുക്കുന്നത്. അതിനാൽ കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം നിർദേശിച്ച തീയതിയിലും സമയത്തും ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാനായി ഞാൻ ചുമതലയേൽക്കും. എനിക്കുവേണ്ടി പ്രാർഥിക്കുക. അതുവഴി ലോക പ്രശസ്തനായ ഇന്ത്യൻ സിനിമയിലെ ഷേക്സ്പിയറുടെ പേരിന് സർഗാത്മതയിലൂടെ ഞാൻ തിളക്കം നൽകും എന്ന് സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചു.