സൈനികനെ മര്‍ദിച്ച് ശരീരത്തില്‍ പിഎഫ്എ എന്നെഴുതിയത് വ്യാജമാണെന്ന് തെളിയിച്ച കേരള പൊലീസിനെ അഭിനന്ദിച്ച് നടനും സംവിധായകനുമായ മേജര്‍ രവി. ഒരു സൈനികൻ ഉണ്ടാക്കാൻ ശ്രമിച്ച കലാപ ശ്രമമാണ് കൃത്യമായ ഇടപെടലിലൂടെ പൊലീസ് നീക്കം ചെയ്തത്. പൊലീസിന്റെ ജാഗ്രതയോടെയുള്ള ഇടപെടലാണ് പ്രതിയുടെ കള്ളക്കഥ പൊളിച്ചതെന്നും മേജർ രവി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. മാത്രമല്ല, കലാപത്തിന്റെ വിത്തു പാകിയത് ഉടനെ പിഴുതെടുത്ത പൊലീസിന്റെ ജാഗ്രത എടുത്ത് പറയേണ്ടതാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
മേജർ രവി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞത്
ഈ വാർത്ത ആദ്യം കേട്ടപ്പോള്‍ കേരളത്തില്‍ ഇങ്ങനെയൊക്കെ നടക്കുമോ എന്ന് ആശ്ചര്യപ്പെട്ടു. സത്യാവസ്ഥ പുറത്തുവന്നപ്പോഴാണ് ആശ്വാസമായത്. അല്ലായിരുന്നെങ്കില്‍ തീര്‍ത്തും ഗുരുതരമായ പ്രത്യാഘാതങ്ങളിലേക്ക് ഇത് വഴി വയ്ക്കുമായിരുന്നു. ഒരു പട്ടാളക്കാരനെ മര്‍ദിച്ച് മുതുകില്‍ പിഎഫ്ഐ എന്ന നിരോധിത സംഘടനയുടെ പേര് എഴുതിവെച്ചാല്‍ എന്തൊക്കെ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമായിരുന്നു. വര്‍ഗീയത പടക്കാൻ അത് ധാരാളം.
ഒരു കലാപത്തിന്റെ വിത്താണ് ഈ പട്ടാളക്കാരന് പാകാൻ ശ്രമിച്ചത്. പോപ്പുലര്‍ ഫ്രണ്ട് എന്ന നിരോദിത സംഘടനയുടെ പേരില്‍ ഒരു അതിക്രമത്തിന് മുതിരുമ്പോള്‍ അതിന്റെ വ്യാപ്തി എത്ര വലുതായിരിക്കും. പൊലീസ് ഇക്കാര്യം സൈന്യത്തെ അറിയിച്ചാല്‍ പ്രതി പിന്നെ സേനയില്‍ ഉണ്ടാവില്ലെന്നും മേജര്‍ രവി കുറിപ്പിൽ പറയുന്നു. കോര്‍ട്ട് മാര്‍ഷലില്‍ 14 വര്‍ഷത്തെ തടവ് ശിക്ഷക്ക് ഇയാള്‍ വിധിക്കപ്പെടാനുള്ള സാധ്യതയുണ്ട്. എന്നാല്‍ ഇയാളെ ജീവപര്യന്തം തടവിനാണ് വിധിക്കേണ്ടത് എന്നും മേജർ രവി കൂട്ടിച്ചേർത്തു.