പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക റംല ബീഗം (77) അന്തരിച്ചു. പാറോപ്പടിയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. മതവിലക്കുകൾ മറികടന്ന് മാപ്പിളപ്പാട്ട് അവതരിപ്പിച്ച ആദ്യ മുസ്ലിം വനിതയാണ് റംല ബീഗം. കഥാപ്രാസംഗിക എന്ന നിലയിലും റംല ബീഗം വളരെ പ്രശസ്തി നേടിയിരുന്നു.
കഥാപ്രസംഗങ്ങളിലൂടെയും മാപ്പിളപ്പാട്ടിലൂടെയും മാപ്പിളകലയുടെ തനതുശൈലി നിലനിർത്തിയ റംല ആലപ്പുഴ സക്കറിയ ബസാറിൽ ഹുസൈൻ യൂസഫ് യമാന – മറിയം ബീവി (ഫറോക്ക് പേട്ട) ദമ്പതികളുടെ ഇളയ മകളായി 1946 നവംബർ മൂന്നിനാണ് ജനിച്ചത്. തന്റെ ഏഴാം വയസ് മുതൽ ആലപ്പുഴ ആസാദ് മ്യൂസിക്കൽ ട്രൂപ്പിൽ പാടിയിരുന്നു. കഥാപ്രാസംഗിക എന്ന നിലയിലും റംല ബീഗം ഏറെ ശ്രദ്ധ നേടിയിരുന്നു. ഹുസനുൽ ജമാൽ ബദ്റുൽ മുനീർ കഥാപ്രസംഗമാണ് ഏറെ ശ്രദ്ധേയം. 20 ഇസ്ലാമിക കഥകൾക്ക് പുറമെ ഓടയിൽനിന്ന്, ശാകുന്തളം, നളിനി എന്നീ കഥകളും കഥാപ്രസംഗ രൂപത്തിൽ അവതരിപ്പിച്ചിട്ടുണ്ട്.
എം.എ. റസാഖെഴുതിയ ജമീല എന്ന കഥയാണ് ആദ്യമായി കഥാപ്രസംഗമായി അവതരിപ്പിച്ചത്. മുസ്ലിം കാഥികയുടെ ഈ രംഗപ്രവേശം സ്വീകാര്യതയോടൊപ്പം എതിർപ്പുകളേയും ക്ഷണിച്ചുവരുത്തി. തുടർന്ന് മോയിൻകുട്ടി വൈദ്യരുടെ ബദറുൽ മുനീർഹുസനുൽ ജമാൽ അവതരിപ്പിച്ചു. കേരളത്തിനകത്തും കൂടാതെ ഇന്ത്യയ്ക്ക് പുറത്തും നിരവധി പരിപാടികൾ റംല ബീഗം അവതരിപ്പിച്ചു. കേരള സംഗീത നാടക അക്കാദമി, ഫോക് ലോർ അക്കാദമി, മാപ്പിള കലാ അക്കാദമി, കെ.എം.സി.സി അവാർഡുകൾക്ക് പുറമെ ഗൾഫിൽനിന്നും നിരവധി പുരസ്കാരങ്ങൾ റംല ബീഗത്തെ തേടിയെത്തി. ഭർത്താവ് പരേതനായ കെ.എ. സലാം.