യുഎഇ ഭരണാധികാരികളുടെ ദീര്‍ഘവീക്ഷണത്തോടെയുളള നയങ്ങൾ രാജ്യത്തെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കുമെന്ന് വിലയിരുത്തല്‍. വിസ ആനുകൂല്യങ്ങളും ഗോൾഡന്‍ വിസ പദ്ധതിയും വിദേശ വ്യവസായ കരാറുകളും നിക്ഷേപകര്‍ക്ക് നല്‍കുന്ന ഇളവുകളും പുതിയ വ്യാപാര സൗകര്യങ്ങളും കൂടുതല്‍ ആളുകളെ യുഎഇയിലേക്ക് ആകര്‍ഷിക്കുമെന്ന് വിലയിരുത്തല്‍.
കൂടുതല്‍ നിക്ഷേപകരും തൊഴില്‍വൈദഗ്ദ്ധ്യമുളളവരും എത്തുന്നതോടെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കുതിച്ചുചാട്ടമുണ്ടാകുമെന്നാണ് നിഗമനം. കൂടുതല്‍ താമസയിടങ്ങൾ വേണ്ടിവരുമെന്നും ഈ വര്‍ഷം തന്നെ 38,000 പുതിയ താമസയിടങ്ങൾ ദുബായില്‍ ഉയരുമെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
ഈ വര്‍ഷം ആദ്യപാദം 6700 താമസയിടങ്ങൾ ദുബായില്‍ മാത്രം പൂര്‍ത്തിയായി. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ കൈമാറ്റത്തിലും വളര്‍ച്ച രേഖപ്പെടുത്തി. മുന്‍ വര്‍ഷത്തേക്കാൾ 33 ശതമാനം വളര്‍ച്ചയാണ് റിയല്‍ എസ്റ്റേറ്റ് വ്യവയായത്തില്‍ ഉണ്ടായത്. ആവശ്യക്കാരേറിയതോടെ വിലവര്‍ദ്ധനവ് ഉണ്ടായെങ്കിലും കച്ചവടത്തെ ബാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകൾ..
വരും വര്‍ഷങ്ങളില്‍ അതിസമ്പന്നരുടെ ഒഴുക്കും യുഎഇയിലേക്ക് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ലോകത്തിന്‍റെ വിവധ ഭാഗങ്ങളില്‍നിന്ന് ശതകോടീശ്വരന്‍മാരെ മാടിവിളിക്കുകയാണ് രാജ്യം. ലോക സാമ്പത്തീക വ്യവസ്ഥ മാന്ദ്യം നേരിടുമ്പോൾ യുഎഇ സമ്പത് വ്യവസ്ഥ വളര്‍ച്ചാ നിരക്ക് കാണിച്ചതും നിക്ഷേപകരെ ആകര്‍ഷിക്കും. ഇക്കൊല്ലം നാലായിരത്തോളം ശതകോടീശ്വരന്‍മാര്‍ യുഎഇലേക്കെത്തുമെന്നും വ്യവസായ ടൂറിസം സാമ്പത്തിക മേഖലകളില്‍ യുഎഇ പുതിയ റെക്കോര്‍ഡുകൾ താണ്ടുമെന്നും വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.