ആറുമാസം നീണ്ട ബഹിരാകാശ ദൗത്യം വിജയകരമായി പൂർത്തീകരിച്ചതിന് പിന്നാലെ പുതിയ ബഹിരാകാശ ദൗത്യങ്ങൾക്ക് യുഎഇ സജ്ജമാണെന്ന് പ്രഖ്യാപിച്ച് ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ. ആറ് മാസത്തെ ബഹിരാകാശ ദൗത്യം പൂർത്തിയാക്കിയ സുൽത്താൻ അൽ നിയാദിയെയും യുഎഇയുടെ ആദ്യ ബഹിരാകാശ യാത്രികൻ ഹെസ അൽ മൻസൂരിയെയും ഷെയ്ഖ് ഹംദാൻ അഭിനന്ദിച്ചു.
മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററിൽ ബഹിരാകാശ യാത്രികൻ സുൽത്താൻ അൽ നെയാദി, സായിദ് എംബിഷൻ 2 സംഘം എന്നിവരുമായി കൂടിക്കാഴ്ച നടത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിന്റെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന സായിദ്-2 എന്ന ബഹിരാകാശ ദൗത്യങ്ങൾക്ക് നേതൃത്വം നൽകുന്ന സംഘത്തെ അഭിസംബോധന ചെയ്ത അദ്ദേഹം യുഎഇ പുതിയ ബഹിരാകാശ ദൗത്യം ഏറ്റെടുക്കാൻ സജ്ജമാണെന്ന് വ്യക്തമാക്കി.