ഏഷ്യൻ ഗെയിംസിന്റെ നാലാം ദിനത്തിലും മെഡൽ ഉറപ്പിച്ച് ഇന്ത്യ. വനിതകളുടെ സെയ്ലിങ്ങിൽ ഇന്ത്യയുടെ നേഹ ഠാക്കൂർ ആണ് വെള്ളി മെഡൽ നേടിയത്. വനിതകളുടെ ഡിൻഗി ഐ.എൽ.സി.എ 4 വിഭാഗത്തിലാണ് നേഹ വെള്ളി മെഡൽ ഉറപ്പിച്ചത്. ഇതോടെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 12 ആയി ഉയർന്നു. രണ്ട് സ്വർണവും നാല് വെള്ളിയും ആറ് വെങ്കലവുമാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്.
പുരുഷ ഹോക്കിയിൽ ഇന്ത്യ തുടർച്ചയായ രണ്ടാം മത്സരത്തിലും വിജയം നേടി. ഗ്രൂപ്പ് മത്സരത്തിൽ സിങ്കപ്പൂരിനെ ഒന്നിനെതിരേ 16 ഗോളുകൾക്കാണ് ഇന്ത്യ തകർത്തത്. ജൂഡോ വനിതാ വിഭാഗത്തിൽ തൂലിക മന്നും പുരുഷ വിഭാഗത്തിൽ അവതാർ സിങ്ങും ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. 4*100 മെഡ്ലെ റിലേയിൽ ഇന്ത്യയുടെ നീന്തൽ ടീമും ഫൈനലിലെത്തി. ഹീറ്റ്സിൽ രണ്ടാം സ്ഥാനം നേടിയാണ് ഇന്ത്യ ഫൈനലിലെത്തിയത്.