പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ ഇന്ന് വിവാഹിതനായി. കുടുംബസുഹൃത്തായ ഡോക്ടർ ഗുർപ്രീത് കൗറാണ് വധു. ചണ്ഡിഗഡിലെ മന്നിന്റെ വസതിയിൽ ആയിരുന്നു സ്വകാര്യചടങ്ങുകൾ. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനും അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും മാത്രമായിരുന്നു ചടങ്ങിലേക്ക് ക്ഷണം ഉണ്ടായിരുന്നത്.
അമ്മയും സഹോദരിയും നിർബന്ധിച്ചതോടെയാണ് ഡോ. ഗുർപ്രീതിനെ ഭഗവന്ത് മൻ ജീവിതപങ്കാളി ആക്കിയത്. ഹരിയാനയിലെ കുരുക്ഷേത്ര ജില്ലയിലെ പെഹോവ സ്വദേശിയായ ഗുർപ്രീത് കൗറിന്റെ കുടുംബവുമായി മന്നിന്റെ കുടുംബത്തിന് ദീർഘ നാളത്തെ സൗഹൃദമുണ്ട്.
പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്, മന്ത്രിമാർ, എംഎൽഎമാർ തുടങ്ങിയവർ വധൂവരന്മാർക്ക് ആശംസകൾ നേർന്നു. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഡോ. ഗുർപ്രീതും ഭഗവന്ത് മന്നിനായി പ്രചരണത്തിൽ സജീവമായിരുന്നു. രാജ്യത്ത് മുഖ്യമന്ത്രി പദവിയിലിരിക്കെ വിവാഹിതനാകുന്ന നാലാമത്തെയാളാണ് ഭഗവന്ത് മൻ. ആറ് വർഷം മുൻപ് വിവാഹമോചിതനായ മന്നിന്റെ രണ്ടാം വിവാഹമാണിത്.