സാമ്പത്തിക തട്ടിപ്പ് നടത്തിയതിനേത്തുടർന്ന് ഖത്തറിൽ 64 പേരെ അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിന്റെ സാമ്പത്തിക-സൈബർ കുറ്റകൃത്യ പ്രതിരോധ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളിൽ നിന്ന് 40 ലക്ഷം റിയാലും വിദേശ കറൻസികളും പണം എണ്ണുന്നതിനുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും കണ്ടെടുത്തു.
പ്രതികൾ വ്യാജ കമ്പനികൾ ഉണ്ടാക്കിയാണ് സാമ്പത്തിക-നിക്ഷേപ തട്ടിപ്പുകൾ നടത്തിയിരുന്നത്. വ്യാപകമായി സാമ്പത്തിക തട്ടിപ്പുകൾ തുടരുന്ന സാഹചര്യത്തിൽ ശക്തമായ അന്വേഷണം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് സംഘത്തെ പിടികൂടിയത്. നിയമ നടപടികൾക്കായി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.