സോളാർ പീഡന പരാതിയിൽ ഹൈബി ഈഡൻ എംപിയെ കുറ്റവിമുക്തനാക്കി. സിബിഐ റിപ്പോർട്ട് അംഗീകരിക്കരുതെന്ന പരാതിക്കാരിയുടെ ഹർജി കോടതി തള്ളി. കേസിൽ ഹൈബിക്കെതിരെ തെളിവില്ലെന്ന സിബിഐ റിപ്പോർട്ട് തിരുവനന്തപുരം സിജെഎം കോടതി അംഗീകരിച്ചു.
കേസിൽ കൂടുതൽ അന്വേഷണം നടത്തണമെന്ന് പരാതിക്കാരി ആവശ്യപ്പെട്ടിരുന്നു. എംഎൽഎ ഹോസ്റ്റലിൽ വിളിച്ചു വരുത്തി ഹൈബി പീഡിപ്പിച്ചു എന്നായിരുന്നു പരാതി.
പരാതിക്കാരി തെളിവുകളൊന്നും ഹാജരാക്കിയിട്ടില്ല. ഹൈബിക്കെതിരായ പരാതിയിൽ ശാസ്ത്രീയ തെളിവു കണ്ടെത്താനായില്ലെന്നുമാണ് സിബിഐ റിപ്പോർട്ടിൽ വ്യക്തമാക്കിയത്. പീഡന പരാതിയിന്മേൽ ആറു കേസുകളായാണ് സിബിഐ അന്വേഷിച്ചിരുന്നത്. ഇതിൽ ആദ്യത്തേതായിരുന്നു ഹൈബിക്കെതിരായ കേസ്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കെ സി വേണുഗോപാൽ, എ പി അനിൽകുമാർ, ഹൈബി ഈഡൻ, അടൂർ പ്രകാശ്, ബിജെപി നേതാവ് എ ബി അബ്ദുള്ളകുട്ടി എന്നിവർക്കെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.