93 ആമത് സൗദി ദേശീയ ദിനത്തിന്റെ ആഘോഷവുമായി ബന്ധപ്പെട്ട് അർധയിൽ (പരമ്പരാഗത അറബ് നൃത്ത രൂപം) പങ്കെടുത്ത് അൽ ഹിലാൽ സൂപ്പർ താരം നെയ്മർ. പരമ്പരാഗത സൗദി വേഷമണിഞ്ഞാണ് നെയ്മർ അർധയിൽ പങ്കെടുത്തത്. ഈ ദൃശ്യങ്ങൾ അടങ്ങിയ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. കഴിഞ്ഞ ദിവസം ക്രിസ്റ്റ്യാനോ റൊണാൾഡോ സമാനമായ രീതിയിൽ പരമ്പരാഗത സൗദി വേഷം ധരിച്ചും വാളേന്തിയും അർധയിൽ പങ്കെടുത്തിരുന്നത് വൈറലായിരുന്നു.
അതേസമയം രാജ്യത്ത് ആഘോഷങ്ങളുടെ ഭാഗമായി റിയാദ്, ജിദ്ദ, ദമാം, ജുബൈൽ, അൽകോബാർ, ഖഫ്ജി, അൽഹസ എന്നിങ്ങനെ നഗരങ്ങൾ കേന്ദ്രീകരിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചിക്കും. ദമാമിലെയും അൽഖോബാറിലെയും കോർണിഷുകളിൽ ശനിയാഴ്ച കരിമരുന്ന് പ്രയോഗവും ലൈറ്റ് ഷോയും അരങ്ങേറി. കിഴക്കൻ പ്രവിശ്യ ഇതുവരെ കാണാത്ത വിപുലമായ രീതിയിലുള്ള കരിമരുന്നു പ്രയോഗമായിരുന്നു ഇത്.
കിഴക്കൻ പ്രവിശ്യയിലെ പ്രധാന നിരത്തുകളിലും സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലും ദേശീയ പതാക ഉയർത്തിയിരുന്നു. കൂടാതെ ഭരണാധികാരികളുടെ വർണ്ണ ചിത്ര ഫളക്സുകൾ സ്ഥാപിച്ച് വിവിധ ഇടങ്ങളിലായി അലങ്കരിച്ചിരിക്കുന്നു. നാല് ദിവസം മുൻപേ ആരംഭിച്ച ദേശീയ ആഘോഷപരിപാടികൾ അടുത്ത മാസം രണ്ടാം തീയതി വരെ നീളും.