പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ കെ ജി ജോർജ് അന്തരിച്ചു. 78 വയസായിരുന്നു. എറണാകുളം കാക്കനാട്ടെ വയോജന കേന്ദ്രത്തിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. യവനിക, ഇരകൾ, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, ലേഖയുടെ മരണം ഒരു ഫ്‌ളാഷ് ബാക്ക് തുടങ്ങിയവ പ്രധാന ചിത്രങ്ങളാണ്. ഇലവങ്കോട് ദേശമാണ് അവസാന സിനിമ.
ഇരുപതോളം ചിത്രങ്ങളാണ് കെ ജി ജോർജിന്റേതായി എത്തിയിട്ടുള്ളതെങ്കിലും മലയാള സിനിമയുടെ ചരിത്രത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്കാണ് അദ്ദേഹം തുടക്കമിട്ടത്. 1976ലാണ് അദ്ദേഹത്തിന്റെ ആദ്യ സിനിമ സ്വപ്‌നാടനം പുറത്തിറങ്ങുന്നത്. 1974ൽ പുറത്തിറങ്ങിയ ‘നെല്ലി’ന്റെ തിരക്കഥ നിർവഹിച്ചത് അദ്ദേഹമായിരുന്നു.
സാമുവൽ- അന്നാമ്മ ദമ്പതികളുടെ മകനായി 1945 മെയ് 24ന് തിരുവല്ലയിലായിരുന്നു ജനനം. കുളക്കാട്ടിൽ ഗീവർഗീസ് ജോർജ് എന്നാണ് മുഴുവൻ പേര്. തിരുവല്ല എസ്ഡി സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ചങ്ങനാശ്ശേരി എൻഎസ്എസ് കോളേജിൽ നിന്നും പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടി. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നാണ് സിനിമാ പഠനം പൂർത്തിയാക്കിയത്. പ്രശസ്ത സംവിധായകൻ രാമു കാര്യാട്ടിന്റെ സഹായിയായി ആയിരുന്നു സിനിമയിലെ അരങ്ങേറ്റം. ഗായിക സൽമയുമായി 1977ലായിരുന്നു വിവാഹം. അരുൺ, താര എന്നിവർ മക്കളാണ്