ആറ് മാസം നീണ്ടു നിൽക്കുന്ന ദോഹ അന്താരാഷ്ട്ര ഹോർട്ടികൾചറൽ എക്സ്പോ 2023ൽ സജീവ പങ്കാളിത്തം പ്രഖ്യാപിച്ച് സൗദി അറേബ്യ. സൗദിയുടെ വിഷൻ 2030 പദ്ധതിയുടെ ഭാഗമായ പരിസ്ഥിതി സുസ്ഥിര മേഖലയിലെ നേട്ടങ്ങളും പദ്ധതികളും പ്രകടിപ്പിക്കുന്നതിനുള്ള അവസരം ആണ് ദോഹ എക്സ്പോയിലെ പങ്കാളിത്തമെന്ന് ഡയറക്ടർ സാലിഹ് ബിന്ദഖലിയെ ഉദ്ധരിച്ച് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
കൂടാതെ ഹരിതവത്കരണവും കൃഷിയുമെല്ലാം ലക്ഷ്യമായ സൗദി ഗ്രീൻ, മിഡിൽ ഈസ്റ്റ് ഗ്രീൻ തുടങ്ങിയ പദ്ധതികളുമായി പുതിയൊരു ഹരിതകാലത്തെ വരവേൽക്കാനുള്ള ഒരുക്കങ്ങൾക്കിടെയാണ് ദോഹ എക്സ്പോയുടെ വരവ്. എല്ലാവർക്കും ഹരിതഭാവി, ആരോഗ്യകരമായ ജീവിതം, ഭക്ഷ്യസുരക്ഷ തുടങ്ങി വിവിധ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ഈ ആശയങ്ങൾക്ക് പങ്കുണ്ട്.
അതേസമയം വിവിധ ആശയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചായിരിക്കും ദോഹ എക്സ്പോയിലെ സൗദി പവിലിയൻ സ്ഥാപിക്കുന്നത്. കൂടാതെ ഭക്ഷ്യസുരക്ഷ പ്രധാന ലക്ഷ്യമാവുന്ന വിഷൻ 2030നായി കാർഷികമേഖലയിൽ നടപ്പാക്കുന്ന ആധുനികവത്കരണവും നൂതന പദ്ധതികളുമെല്ലാം സൗദി പവിലിയനിലൂടെ ലോകത്തിന് മുന്നിലെത്തിക്കുമെന്ന് ബിന്ദഖലി പറഞ്ഞു.