നടൻ ശ്രീജിത്ത് രവി അറസ്റ്റിൽ. കുട്ടികൾക്ക് മുമ്പിൽ നഗ്നത പ്രദർശനം നടത്തിയ കേസിലാണ് തൃശൂർ വെസ്റ്റ് പൊലീസ് ഇന്ന് രാവിലെ ശ്രീജിത്ത് രവിയെ അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്തു. രണ്ട് ദിവസം മുൻപ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിക്കായി അന്വേഷണം
നടന്നു വരികയായിരുന്നു. സിസിടിവികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ശ്രീജിത്ത് രവിയുടെ വാഹനം പൊലീസ് തിരിച്ചറിഞ്ഞതോടെയാണ് അറസ്റ്റിലേക്ക് കാര്യങ്ങൾ നീങ്ങിയത്.
രണ്ട് ദിവസം മുൻപാണ് സംഭവം ഉണ്ടായത്. തൃശ്ശൂർ എസ് എൻ പാർക്കിന് സമീപം പതിനൊന്ന്, അഞ്ച് വയസുള്ള കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ ശേഷം ഇവിടെ നിന്ന് പോയി. കുട്ടികൾ മാതാപിതാക്കളെ വിവരം അറിയിച്ചെങ്കിലും പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് പൊലീസിൽ പരാതി നൽകിയതോടെ പൊലീസ് കേസെടുത്ത് അന്വേഷിച്ചു. കാറിനെ കുറിച്ച് ലഭിച്ച സൂചനകൾ പ്രതിയിലേക്ക് എത്താൻ സഹായിച്ചു.
ഇന്ന് രാവിലെ ശ്രീജിത്തിനെ അറസ്റ്റ് ചെയ്തു. ഇയാൾ കുറ്റം സമ്മതിച്ചെന്നാണ് പോലീസ് നൽകുന്ന വിവരം. തനിക്ക് ഒരു രോഗമുണ്ടെന്നും മരുന്ന് കഴിക്കാത്തത് കൊണ്ടുണ്ടായ പ്രശ്നമാണെന്നുമാണ് ശ്രീജിത്ത് രവി പൊലീസിനോട് കുറ്റസമ്മതം നടത്തിയത്. കുട്ടികൾ പ്രതിയെ തിരിച്ചറിയുകയും ചെയ്തു. ശ്രീജിത്തിനെ കോടതിയിൽ ഹാജരാക്കും.