ആപ്പിൾ കമ്പനിയുടെ പുതിയ മോഡൽ ഐഫോൺ 15 പുറത്തിറക്കുന്നതിന്റെ മുന്നോടിയായി ദുബായ് മാളിൽ ആളുകളുടെ നീണ്ട ക്യൂ. നൂറുകണക്കിന് ആളുകളാണ് ഐഫോൺ 15 വാങ്ങാൻ ആയി മാളിൽ തടിച്ചു കൂടിയത്. ഇതിനെ തുടർന്ന് ദുബായ് മാളിലെ ആപ്പിൾ സ്റ്റോർ ബാരിക്കേഡ് ചെയ്തു. യുഎഇ ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ സെപ്റ്റംബർ 22 വെള്ളിയാഴ്ച ഐഫോൺ 15 ലോഞ്ച് ചെയ്യുന്നത്.
അതേസമയം മാളിൽ ഷോപ്പിംഗ് നടത്തുന്നവരോട് മറ്റൊരു ദിവസം വരാനോ ഓൺലൈനിൽ ബുക്ക് ചെയ്യാനോ മാളിലെ ഒരു സെക്യൂരിറ്റി ഗാർഡ് അഭ്യർത്ഥിച്ചു. പല ആളുകളും പുതിയ മോഡൽ സ്വന്തമാക്കുന്നതിനായി മണിക്കൂറുകളോളമാണ് ഇവിടെ കാത്ത് നിൽക്കുന്നത്. മാത്രമല്ല, പ്രീ ബുക്കിങ് നടത്തിയവരും വൈകുന്നേരം നാല് മണി മുതൽ ഇവിടെ കാത്ത് നിൽക്കുന്നുണ്ട്.
സെപ്റ്റംബർ 13-ന് ആദ്യമായി വെളിപ്പെടുത്തിയ ഐഫോൺ 15-ന് 48 എംപി മെയിൻ ക്യാമറയും ഐഫോൺ പ്രോയ്ക്കും പ്രോ മാക്‌സിനും ടൈറ്റാനിയം ഡിസൈനും ഉൾപ്പെടെ നിരവധി സവിശേഷതകൾ ഉണ്ട്. കൂടാതെ യുഎസ്ബി-സി ചാർജിങ്ങും വേഗതയേറിയ പുതിയ ചിപ്സെറ്റ് എ17 ഉം ഉണ്ട്.