ഇന്ത്യ-കാനഡ പ്രതിസന്ധിക്കിടെ കാനഡയിൽ ഖാലിസ്ഥാൻവാദി സംഘത്തിന്റെ നേതാവ് കൊല്ലപ്പെട്ടു. സുഖ ദുൻകെ എന്നറിയപ്പെടുന്ന സുഖ്ബൂൽ സിങ് ആണ് കൊല്ലപ്പെട്ടത്.
കാനഡയിലെ ഖലിസ്ഥാൻ അനുകൂല പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു ദുൻകെ. കാനഡ ആസ്ഥാനമായുള്ള ഗുണ്ടാസംഘം അർഷ്‌ദീപ് സിംഗ് എന്ന അർഷ് ദലയുമായി ദുനെകെ അടുത്ത ബന്ധം പുലർത്തിയിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്.ഇരുസംഘങ്ങൾ തമ്മിലുള്ള സംഘർഷത്തിനിടെയാണ് മരണമെന്നാണ് വിവരം. ഇന്ത്യയിൽ പല കേസുകളിലും ഉൾപ്പെട്ട വ്യക്തിയായിരുന്നു ഇയാൾ. കാനഡയിലേക്ക് കടന്ന ഖാലിസ്ഥാൻ ഭീകരവാദികളെ വിട്ട് നൽകണമെന്നാവശ്യപ്പെട്ട് ഇന്ത്യ നൽകിയ പട്ടികയിലും ഇയാളുടെ പേര് ഉൾപ്പെടുന്നുണ്ട്. സുഖ ദുങ്കെയുടെ വീട്ടിൽ പഞ്ചാബ് പൊലീസ് എത്തി, ബന്ധുക്കളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു.
ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിങ്ങിന്റെ കൊലപാതകത്തിൽ ഇന്ത്യൻ ഏജൻറുമാർക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഹൗസ് ഓഫ് കോമൺസിൽ പറഞ്ഞതിന് പിന്നാലെ ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര തർക്കം രൂക്ഷമായിരുന്നു. ഇതിനിടയിലാണ് അടുത്ത ഖലിസ്ഥാൻ നേതാവ് കൂടി കൊല്ലപ്പെടുന്നത്.