കുവൈത്തും ഇറാഖും തമ്മിലുളള പതിറ്റാണ്ടുകൾ നീണ്ട സമുദ്രാതിർത്തി തർക്കം പുതിയ തലത്തിൽ. തർക്ക ജലപാത സംബന്ധിച്ച 2012ലെ കരാർ ബാഗ്ദാദിലെ സുപ്രീം കോടതി റദ്ദാക്കി.അതേസമയം ഇരുരാജ്യങ്ങളും തമ്മിലുള്ള ഖോർ അബ്ദുല്ല ജലപാത സംബന്ധിച്ച ഇറാഖി വിധിയിൽ ചരിത്രപരമായ വീഴ്ചകളുണ്ടെന്നും ഉടമ്പടിയിലേക്ക് തിരികെ എത്തണമെന്നും കുവൈത്ത് പ്രധാനമന്ത്രി പറഞ്ഞു .
ന്യൂയോർക്കിലെ യുഎൻ ജനറൽ അസംബ്ലിയിൽ ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അൽ സുഡാനിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഷെയ്ഖ് അഹമ്മദ് നവാഫ് അൽ സബാഹ് ഇക്കാര്യം പറഞ്ഞത്. എന്നാൽ ജലപാത സംബന്ധിച്ച മുൻ കരാർ ഭരണഘടനാ വിരുദ്ധമാണെന്നാണ് ഇറാഖ് സുപ്രീം കോടതിയുടെ കണ്ടെത്തൽ.
2012-ലാണ് ഇരുരാജ്യങ്ങളും കരാറിൽ എത്തിച്ചേർന്നത്. 2013-ൽ ഇത് നിയമനിർമ്മാണ സമിതി ചെയ്തു.എന്നാൽ കരാർ പ്രകാരമുളള മാനദണ്ഡങ്ങൾ പാർലമെൻ്റിൻ്റെ മൂന്നിൽ രണ്ട് ഭാഗവും അംഗീകരിക്കേണ്ടതായിരുന്നുവെന്നാണ് ഇറാഖ് കോടതിയുടെ നിരീക്ഷണം.
ഇതിനിടെ കുവൈറ്റ്-ഇറാഖ് സമുദ്രാതിർത്തികൾ “അന്താരാഷ്ട്ര നിയമം അനുസരിച്ച്” പൂർണ്ണമായും വേർതിരിക്കണമെന്നും ഷെയ്ഖ് അഹമ്മദ് ആവശ്യപ്പെട്ടു. തർക്ക പരിഹാരത്തിനായി ജിസിസി രാജ്യങ്ങളും യുഎൻ ഉൾപ്പെടെയുളള സംഘടനകളും നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. അറബിക്കടലിലേക്കുള്ള ഇറാഖിൻ്റെ പ്രധാന നാവിഗേഷൻ ചാനലാണ് തർക്ക ജലപാത. ഇറാഖിൻ്റെ പ്രധാന കയറ്റുമാതി പാതകളിലൊന്നാണിത്.