93-ാമത് ദേശീയ ദിനാഘോഷത്തിനൊരുങ്ങി സൗദി. രാജ്യത്തെ മുഴുവൻ മേഖലകളിലും വൈവിധ്യമാർന്ന ആഘോഷപരിപാടികൾ അരങ്ങേറുമെന്ന് സൗദി വിനോദ അതോറിറ്റി അറിയിച്ചു.
ദേശീയദിനമായ ഈ മാസം 23 ന് റിയാദ്, ത്വാഇഫ്, അൽബാഹ, അസീർ, തബൂക്ക് എന്നിവിടങ്ങളിൽ ദേശീയ പതാകയും വഹിച്ച് സൈനിക, സിവിലിയൻ വിമാനങ്ങൾ ‘വി റേസ് ഡ്രീംസ്’ എന്ന ശീർഷകത്തിൽ വിസ്മയകരമായ രീതിയിൽ വ്യോമാഭ്യാസ പ്രകടനം നടത്തും. ഈ മാസം 27 ന് ഖോബാർ കോർണിഷിലും ഷോയുണ്ടാകും. സർക്കാർ, സ്വകാര്യ ഏജൻസികൾ പരിപാടിയിൽ പങ്കെടുക്കും.
ദേശീയദിനത്തിലെ പ്രധാന പരിപാടികൾ സൗദി ചാനലിൽ തത്സമയം സംപ്രേഷണം ചെയ്യും. റോയൽ ഗാർഡ്, പ്രതിരോധ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, നാഷനൽ ഗാർഡ് മന്ത്രാലയം, സ്റ്റേറ്റ് സെക്യൂരിറ്റി, ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ, എയർപോർട്ട് കമ്പനികൾ, സൗദി എയർ നാവിഗേഷൻ സർവിസസ് കമ്പനി, സൗദി ഏവിയേഷൻ ക്ലബ്, സൗദി അറേബ്യൻ എയർലൈൻസ്, ഫ്ലൈനാസ്, റേഡിയോ ആൻഡ് ടെലിവിഷൻ കോർപ്പറേഷൻ എന്നിവ ആഘോഷപരിപാടികളിൽ പങ്കാളിത്തം വഹിക്കും.