ജാതി വിവേചനം നേരിട്ടു എന്ന ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണെന്ന് വി ഡി സതീശൻ. ഏത് ക്ഷേത്രമെന്ന് മന്ത്രി തുറന്ന് പറയണം. നടപടി സ്വീകരിക്കുകയും ചെയ്യണമെന്ന് വി ഡി സതീശൻ വ്യക്തമാക്കി. കേരളത്തിന് നാണക്കേട് ഉണ്ടാക്കുന്ന കാര്യമാണിത്. അത് മന്ത്രി രഹസ്യമാക്കി വെക്കുന്നത് ശരിയല്ല. പരാതി നൽകണമായിരുന്നു. സോളാർ ഗൂഢാലോചനയിൽ യു ഡി എഫിൽ ഒരു ആശയക്കുഴപ്പവും ഇല്ല.നിയമ വിദഗ്ദരുമായി യു ഡി എഫ് ആശയവിനിമയം നടത്തിയിട്ടുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ബാങ്ക് കൊള്ളയിൽ ഏത് അന്വേഷണം വേണമെന്ന് യുഡിഎഫ് ആലോചിച്ചു പറയും. കേരളത്തിൽ ഇത്രയും വലിയ ധനപ്രതിസന്ധി ഉണ്ടാക്കിയത് തോമസ് ഐസകാണ് എന്നും അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷ നേതാവിനെ ചാരി ധനമന്ത്രിയെ കുറ്റപ്പെടുത്താനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. മാത്രമല്ല, നികുതി വെട്ടിപ്പുകാരുടെ പറുദീസയായി കേരളത്തെ മാറ്റുന്നതിൽ ഐസക് വഹിച്ച പങ്ക് ചെറുതല്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.