ദോഹയിലെ തുറമുഖങ്ങളിലെ നാവിഗേഷന്‍ സഹായങ്ങള്‍ക്ക് കരുത്ത് പകരാനും കടലിലേക്ക് ചോരുന്ന എണ്ണ നീക്കാനുമായി അത്യാധുനിക സൗകര്യങ്ങളോടു കൂടിയ രണ്ട് ബോട്ടുകള്‍ പുറത്തിറക്കി. ഖത്തര്‍ തുറമുഖ മാനേജ്‌മെന്റ് കമ്പനിയായ മവാനി ഖത്തറിന്റെ കപ്പല്‍ വ്യൂഹത്തിലേക്കാണ് പുതിയ ബോട്ടുകൾ ഇടം പിടിക്കുന്നത്. ദോഹ തുറമുഖത്ത് വച്ച് നടന്ന ചടങ്ങില്‍ ഗതാഗത മന്ത്രി ജാസിം സെയ്ഫ് അഹമ്മദ് അല്‍ സുലൈത്തിയാണ് ബോട്ടുകള്‍ ഉദ്ഘാടനം ചെയ്തു. ഇന്നലെ സമാപിച്ച ഗതാഗത സമ്മേളന-പ്രദര്‍ശനത്തോട് അനുബന്ധിച്ചായിരുന്നു ഉദ്ഘാടനം.
ഹമദ്,ദോഹ, അല്‍ റുവൈസ് തുറമുഖങ്ങളുടെ പരിസ്ഥിതി സംരക്ഷണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കടലിലേക്ക് ചോരുന്ന എണ്ണ നീക്കാനും മാലിന്യങ്ങള്‍ ശേഖരിക്കാനുമായി ബഹു ഉപയോഗത്തിനുള്ള ബോട്ടാണ് അല്‍ ജുറുള എന്ന പേരിലുള്ളത്. 12.6 മീറ്ററാണ് ഈ ബോട്ടിന്റെ നീളം. 25,000 ലിറ്റര്‍ ശേഷിയുള്ള ബോട്ടിന്റെ ഡ്രാഫ്റ്റിന് ഒരു മീറ്ററാണ് ആഴം. 200 മീറ്റര്‍ പ്രദേശത്ത് ചോരുന്ന എണ്ണ ശേഖരിക്കാനുള്ള ശേഷി ഇതിനുണ്ട്.
അതേസമയം അല്‍ സമലഹ് എന്ന പേരിലുള്ള രണ്ടാമത്തെ ബോട്ടിന്റെ നീളം 32.7 മീറ്ററാണ്. ഇത് നാവിഗേഷന്‍ ജലപാതകളില്‍ ഫ്‌ളോട്ടുകള്‍, വിളക്കുമാടങ്ങള്‍ എന്നിവയില്‍ നിന്നുള്ള സഹായങ്ങള്‍ക്ക് കരുത്തേകാനാണ് ഉപയോഗിക്കുക. കൂടാതെ വാണിജ്യ, യാത്രാ തുറമുഖങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടത്താനും ഇത് ഉപയോഗിക്കും. എല്ലാത്തരം കപ്പലുകള്‍ക്കും സുരക്ഷിതവും ഫലപ്രദവുമായ ഗതാഗതം ഉറപ്പാക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്. കൂടാതെ ഖത്തരി സമുദ്ര പരിസ്ഥിതി സംരക്ഷിക്കാനും സമുദ്ര ഗതാഗതവും സുഗമമാക്കാനുമാണ് ബോട്ടുകളുടെ ഉപയോഗത്തിലൂടെ പദ്ധതിയിടുന്നതെന്ന് അധികൃതർ അറിയിച്ചു.