ഖത്തറിന്റെ പൊതു ഗതാഗത മേഖലയിൽ 70 ശതമാനവും ഇലക്ട്രിക് ബസുകൾ ആക്കാനൊരുങ്ങുന്നു. 2030നകം പൊതുഗതാഗത ബസുകൾ 100 ശതമാനവും പരിസ്ഥിതി സൗഹൃദമാക്കാനാണ് രാജ്യം ലക്ഷ്യമിടുന്നത്. ഈ വർഷം മൂന്നാം പാദത്തിലെത്തിയപ്പോഴേക്കും 70 ശതമാനം ബസുകളും ഇ-ബസുകൾ ആക്കാൻ കഴിഞ്ഞിരുന്നു. 2030 നോടടുക്കുമ്പോഴേക്കും തന്നെ പരിസ്ഥിതി സൗഹൃദ പൊതു ഗതാഗതമെന്ന ലക്ഷ്യം കൈവരിക്കാൻ കഴിയുമെന്നും ഗതാഗത മന്ത്രി ജാസിം ബിൻ സെയ്ഫ് അൽ സുലൈത്തി കൂട്ടിച്ചേർത്തു.
സ്മാർട്, പരിസ്ഥിതി സൗഹൃദ ട്രാൻസിറ്റ് സംവിധാനങ്ങൾ പ്രദാനം ചെയ്യുന്നതിന്റെ ഭാഗമായി ഡ്രൈവറില്ലാതെ സ്വയം പ്രവർത്തിക്കുന്ന വാഹനങ്ങൾ ഉപയോഗിക്കുന്നതിനുള്ള ചട്ടങ്ങളും നിബന്ധനകളും സംബന്ധിച്ച നയപ്രഖ്യാപനവും നടന്നു. അടുത്ത അഞ്ചു വർഷത്തേക്കുള്ള ചട്ടങ്ങളാണ് തയാറാക്കിയിരിക്കുന്നത്. കൂടാതെ ഇലക്ട്രിക് വാഹനങ്ങൾക്കുള്ള നിബന്ധനകളും മാനദണ്ഡങ്ങളും സംബന്ധിച്ച വിഷയത്തക്കുറിച്ച് ഗതാഗത മന്ത്രാലയം പഠനം നടത്തി വരുന്നുമുണ്ട്. മാത്രമല്ല, ഇ-വാഹനങ്ങളുടെ സാങ്കേതിക മാനദണ്ഡങ്ങൾ പരിശോധിക്കുന്നതിനും സ്ഥിരീകരിക്കുന്നതിനും അനുമതി സർട്ടിഫിക്കറ്റ് നൽകുന്നതിനും വേണ്ടി പുതിയ കേന്ദ്രം രൂപീകരിക്കുന്നത് പുരോഗതിയിലാണെന്നും മന്ത്രി വ്യക്തമാക്കി.
സ്കൂളുകളിലും മറ്റു ഗതാഗത മേഖലകളിലും ഇ-ബസുകൾ ഉപയോഗിക്കുന്നുണ്ട്. രാജ്യത്ത് നിലവിൽ യൂറോ 5 എൻജിൻ ഇന്ധനമാണ് ഉപയോഗിച്ചു വരുന്നത്. കൂടാതെ ഗതാഗത അടിസ്ഥാന സൗകര്യ വികസനത്തിലും രാജ്യം വലിയ ശ്രദ്ധ ചെലുത്തുന്നുണ്ട്. ഇത് കൂടുതൽ പ്രദേശങ്ങളിലേക്ക് എത്തിക്കാൻ ലക്ഷ്യമിട്ട് ദോഹ മെട്രോ റെയിൽ സേവനങ്ങൾ വിപുലീകരിക്കാനും പദ്ധതിയുണ്ടെന്നും മന്ത്രി അറിയിച്ചു.