ഏഷ്യൻ ഗെയിംസിന്റെ 19-ാം പതിപ്പിലെ മത്സരങ്ങൾക്ക് ഇന്ന് ചൈനയിലെ ഹാങ്ചൗവിൽ തുടക്കം കുറിക്കും. സെപ്റ്റംബർ 23നാണ് ഗെയിംസിന്റെ ഔദ്യോഗിക ഉദ്ഘാടനം നടക്കുക. 40 കായിക ഇനങ്ങളും 61 മറ്റ് ഇനങ്ങളും ഉൾക്കൊള്ളുന്നതാണ് ഈ വർഷത്തെ ഏഷ്യൻ ഗെയിംസ്. ഒക്ടോബർ 8ന് ഗെയിംസ് സമാപിക്കും.
655 താരങ്ങൾ ഉൾപ്പെടുന്ന ഇന്ത്യയുടെ വലിയ നിരയാണ് ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്നത്. ക്രിക്കറ്റ്, ഫുട്ബോൾ, വോളിബോൾ, ബീച്ച് വോളിബോൾ മത്സരങ്ങളാണ് ഇന്ന് ആരംഭിക്കുക. ഫുട്ബോളിലും വോളിബോളിലും ഇന്ന് ഇന്ത്യയ്ക്ക് മത്സരങ്ങളുണ്ട്. വൈകിട്ട് അഞ്ച് മണിക്കാണ് ഇന്ത്യൻ ഫുട്ബോൾ ടീം മത്സരത്തിനിറങ്ങുക. ചൈനയ്ക്കെതിരെ ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീമാണ് മത്സരിക്കാനിറങ്ങുന്നത്. സുനിൽ ഛേത്രി നായകനായ ഇന്ത്യൻ ടീമിലെ മറ്റ് താരങ്ങൾ 23 വയസിൽ താഴെയുള്ളവരാണ്. വനിതാ ടീമിന്റെ മത്സരം സെപ്റ്റംബർ 21നാണ് നടക്കുക.
വോളിബോളിൽ ഇന്ത്യയുടെ പുരുഷ ടീമിന്റെ മത്സരം വൈകിട്ട് 4.30നാണ് നടക്കുക. കംബോഡിയയാണ് ഇന്ത്യൻ ടീമിന്റെ എതിരാളികൾ. വനിതാ ടീമിന്റെ മത്സരം സെപ്റ്റംബർ 30ന് നടക്കുക. ക്രിക്കറ്റിൽ സെപ്റ്റംബർ 21ന് ഇന്ത്യയുടെ വനിതാ ടീം മത്സരിക്കാനിറങ്ങും. സെപ്റ്റംബർ 27നാണ് ഇന്ത്യൻ പുരുഷ ടീം ക്രിക്കറ്റ് മത്സരത്തിനിറങ്ങുന്നത്.