ഈദ് ആഘോഷങ്ങൾക്കായുളള കാത്തിരിപ്പ് അവസാന ഘട്ടത്തിലേക്ക്. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങൾക്ക് അനുസൃതമായി ഈദ് പ്രാര്‍ത്ഥനകളും ആഘോഷങ്ങളും സംഘടിപ്പിക്കാനൊരുങ്ങുകയാണ് ഗൾഫ് മേഖലയിലെ ആരാധനാലയങ്ങളും വിശ്വാസികളും.
കോവിഡ് നിയന്ത്രണങ്ങളോടെയാണ് യുഎഇയിയും സൗദിയും ഉൾപ്പെടെ ഗൾഫ് മേഖലയിലെ ഈദ് ആഘോഷങ്ങൾ. മാസ്ക് ഉപയോഗവും ശാരീരിക അകലം പാലിക്കലും നിര്‍ബന്ധമാണെങ്കിലും ആഘോഷങ്ങളുടെ മാറ്റ് കുറയില്ലെന്നാണ് സൂചന. ആരാധനാലയങ്ങളിലെ ക്രമീകരണങ്ങൾക്ക് പുറമെ കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കുന്ന പ്രത്യക ഈദ് ഗാഹുകളും തയ്യാറാവുകയാണ്.
പുതിയ മാറ്റുകൾ വിരിച്ചും വിശ്വാസികൾക്കായി പ്രത്യേകം അടയാളപ്പെടുത്തിയ സ്ഥലങ്ങളും നിശ്ചയിച്ചുനല്‍കുന്ന പ്രവര്‍ത്തനങ്ങൾ പുരോഗമിക്കുകയാണ്. കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ട് വിപുലമായ ആഘോഷപരിപാടികളും സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്. ബലിപ്പെരുന്നാളിനോടുബന്ധിച്ചുളള കര്‍മ്മങ്ങൾക്ക് പ്രത്യേക സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അംഗീകൃത സ്ഥലങ്ങളില്‍ മാത്രമേ മൃഗബലി പാടുളളൂവെന്നും നിര്‍ദ്ദേശമുണ്ട്.
തിരക്കുകണക്കിലെടുത്ത് പ്രാര്‍ത്ഥനാലങ്ങൾക്ക് മുമ്പിലും ഇദ് ഗാഹുകളിലും പോലീസിന്‍റെ പരിശോധനയും നിരീക്ഷണവും ഉണ്ടാകും. ഗതാഗത നിയന്ത്രണങ്ങളും കര്‍ശനമാണ്. പാര്‍ക്കുകളിലും ബീച്ചുകളിലും ഇതര വിനോദസസഞ്ചാര കേന്ദ്രങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അതേസമയം വിപണിയും പെരുന്നാൾ ഓഫറുകളുമായി സജീവമാണ്.