പ്രമുഖ ഗാന്ധിയനും പത്മശ്രീ ജേതാവും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന പി.ഗോപിനാഥൻ നായർ അന്തരിച്ചു. 99 വയസായിരുന്നു. വിദ്യാർഥിയായ കാലം മുതൽ ഗാന്ധിമാർഗത്തിൽ ജീവിച്ചു. സംസ്ഥാനത്ത് മാറാട് കലാപം നടന്നപ്പോഴും ദേശീയ തലത്തിൽ സിഖ്-ഹിന്ദു സംഘർഷത്തിലുമെല്ലാം ശാന്തിയുടെ സന്ദേശവുമായി എത്തിയ ആളാണ്. മാറാട് കലാപത്തിൽ സർക്കാരിന്റെ മധ്യസ്ഥൻ ആയി പ്രവർത്തിച്ചത് ഗോപിനാഥൻ നായരാണ്. 11 വയസുള്ളപ്പോൾ ഗാന്ധിജി കേരളത്തിലെത്തി അടുത്തു നിന്ന് കണ്ടത് പ്രചോദനം ആയതോടെ അദ്ദേഹത്തിന്റെ ആദർശങ്ങളെ ജീവിതത്തിൽ പകർത്തുകയാണുണ്ടായത്. 2016ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചു.
മുൻ രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദ് അധ്യക്ഷനായിരുന്ന ‘അഖിലേന്ത്യാ ഗാന്ധി സ്മാരക നിധി’യുടെ തുടക്കം മുതൽ കഴിഞ്ഞ 6 ദശാബ്ദമായി സേവനം അനുഷ്ഠിച്ചവരിൽ ഏറ്റവും മുതിർന്ന പ്രവർത്തകനായിരുന്നു ഗോപിനാഥൻ നായർ.
ഗാന്ധിജിയുടെ വിയോഗത്തിന് ശേഷം സർവ സേവാ സംഘത്തിലും അഖിലേന്ത്യാ സർവോദയ സംഘടനയിലും കർമസമിതി അംഗമായി. കെ കേളപ്പൻ അധ്യക്ഷനും ഗോപിനാഥൻ നായർ സെക്രട്ടറിയുമായാണ് ആദ്യകാല പ്രവർത്തനങ്ങൾ നടന്നത്.
ഗാന്ധിജിയുടെ സേവാഗ്രാം ആശ്രമത്തിൽ 11 വർഷം പ്രസിഡന്റായി പ്രവർത്തിച്ചതാണ് മറ്റൊരു പ്രത്യേകത. ആചാര്യ വിനോബാജിയുടെ ഭൂദാന പ്രസ്ഥാനങ്ങളിൽ ശ്രമദാന പ്രസ്ഥാനം കേരളത്തിൽ പരീക്ഷിച്ചയാളാണ് പി ഗോപിനാഥൻ നായർ.