ലൈസൻസില്ലാതെ പക്ഷിവേട്ട നടത്തിയ 20 പേരെ സൗദിയിൽ അറസ്റ്റ് ചെയ്തു. പരിസ്ഥിതി സുരക്ഷാ സേന നടത്തിയ പരിശോധനയ്ക്കിടെയാണ് ലൈസൻസില്ലാതെ പക്ഷിവേട്ട നടത്തിയവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരിൽ 19 പേർ സൗദി പൗരന്മാരും ഒരാൾ നിയമാനുസൃത ഇഖാമയിൽ രാജ്യത്ത് കഴിയുന്ന സിറിയക്കാരനുമാണ്.
കിങ് അബ്ദുൽ അസീസ് റോയൽ റിസർവ്, കിങ് സൽമാൻ റോയൽ റിസർവ്, ഇമാം അബ്ദുൽ അസീസ് ബിൻ മുഹമ്മദ് റോയൽ റിസർവ്, ഇമാം തുർക്കി ബിൻ അബ്ദുല്ല റോയൽ റിസർവ് എന്നിവിടങ്ങളിലാണ് ഇവർ നിയമ വിരുദ്ധമായി പക്ഷിവേട്ട നടത്തിയത്. അറസ്റ്റിലായവരിൽ നിന്ന് 20 എയർ ഗണ്ണുകളും 4,000 വെടിയുണ്ടകളും വേട്ടയാടി പിടിച്ച 65 പക്ഷികളെയും കണ്ടെത്തി. പ്രതികൾക്കെതിരെ അധികൃതർ ശിക്ഷാ നടപടികൾ സ്വീകരിച്ചു.