സീസൺ കഴിഞ്ഞിട്ടും കേരളത്തിൽ നിന്ന് ഗൾഫിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ കുറവൊന്നും സംഭവിച്ചിട്ടില്ല. യുഎഇയിൽ സ്കൂൾ തുറന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും വിമാന ടിക്കറ്റ് നിരക്ക് കുറയാത്തതിനാൽ ഒട്ടേറെ പ്രവാസി കുടുംബങ്ങൾ ഇപ്പോഴും നാട്ടിൽ തന്നെ തങ്ങിയിരിക്കുകയാണ്. സീസൺ അവസാനിക്കുന്നതോടെ നിരക്ക് കുറയുമെന്ന് പ്രതീക്ഷിച്ചിരുന്നവർ ഇനിയും കാത്തുനിൽക്കുന്നത് കുട്ടികളുടെ പഠനത്തെ ബാധിക്കുമെന്നതിനാൽ കൂടിയ തുകയ്ക്ക് ടിക്കറ്റെടുത്ത് മടങ്ങാൻ നിർബന്ധിതരാവുകയാണ്.
കേരളത്തിൽ നിന്ന് യുഎഇയിലേക്ക് നേരിട്ടുള്ള വിമാനത്തിൽ സീറ്റിന് 50,000 രൂപയ്ക്ക് മുകളിലാണ് നിരക്ക്. യുഎഇയിൽ നിന്ന് കേരളത്തിലേക്കുള്ള ഇന്നത്തെ നിരക്ക് ഏകദേശം പത്തിരട്ടി വരും. ഇതേസമയം മറ്റ് സെക്ടറുകൾ വഴിയുള്ള കണക്ഷൻ വിമാനങ്ങളിലാണ് യാത്രയെങ്കിൽ 28,000 രൂപയ്ക്ക് മുകളിലും. ഇന്ന് ദുബായിൽ നിന്ന് കൊച്ചിയിലേക്ക് യാത്ര ചെയ്യാൻ ടിക്കറ്റ് നിരക്ക് സ്പൈസ് ജെറ്റിൽ 5,430 രൂപ (240 ദിർഹം). ഇതേ വിമാനത്തിൽ ഇന്ന് കൊച്ചിയിൽ നിന്ന് ദുബായിലേക്കുള്ള ടിക്കറ്റ് നിരക്ക് 56,000 രൂപയുമാണ്. എന്നാൽ കണക്ഷൻ വിമാനങ്ങളിൽ 28,000 രൂപ മുതൽ ടിക്കറ്റ് ലഭിക്കും.
എയർ ഇന്ത്യാ എക്സ്പ്രസ് ദുബായ് കൊച്ചി സെക്ടറിലെ നിരക്ക് 5,984 രൂപയാണ്. കൊച്ചി-ദുബായ് സെക്ടറിൽ 49,653 രൂപയും. ശേഷിക്കുന്ന 9 സീറ്റുകൾ വിഭജിച്ച് 3 വിഭാഗമാക്കിയാണ് വിൽപന. രണ്ടാമത്തെയും മൂന്നാമത്തെയും വിഭാഗത്തിലെ സീറ്റുകൾക്ക് യഥാക്രമം 54,903, 60,153 രൂപ വീതമാണ് നിരക്ക്. അപ്പോൾ നാലംഗ കുടുംബത്തിന് വരാൻ 2 ലക്ഷത്തിലേറെ രൂപയാകും. കണക്ഷൻ വിമാനത്തിലെങ്കിൽ ഇത് 1.2 ലക്ഷമായി കുറയും. നേരിട്ടുള്ള വിമാനത്തിൽ നാലംഗ കുടുംബത്തിന് ദുബായിൽ നിന്ന് നാട്ടിലേക്ക് പോകാൻ ശരാശരി 26,000 രൂപ മതി. തുല്യ ദൂരത്തിലെ മടക്ക യാത്രയ്ക്കാണ് ഇരട്ടിയിലധികം തുക നൽകേണ്ടിവരുന്നത്.