ഉംറ തീർത്ഥാടനത്തിനെത്തുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ നിർദ്ദേശങ്ങളുമായി മന്ത്രാലയം. ഉംറ തീർത്ഥാടനത്തിന്റെ ഭാഗമായി മക്കയിലെ ഗ്രാൻഡ് മോസ്കിലെത്തുന്ന തീർത്ഥാടകർ തങ്ങളോടൊപ്പമുള്ള കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി പാലിക്കേണ്ട നിർദ്ദേശങ്ങൾ സംബന്ധിച്ചാണ് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിപ്പ് നൽകിയത്. കുട്ടികളുമായി തീർത്ഥാടനത്തിനെത്തുന്നവർ നിർബന്ധമായും ഇവ പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
ഉംറ തീർത്ഥാടനത്തിനായെത്തുന്ന കുട്ടികളുടെ കൈത്തണ്ടയിൽ അവരെ തിരിച്ചറിയാനായി ഐഡന്റിഫിക്കേഷൻ ബ്രേസ്‌ലെറ്റ് ധരിപ്പിക്കണം, കുട്ടികളുമായെത്തുന്നവർ തിരക്കേറിയ സമയത്ത് തിരക്കേറിയ സ്ഥലങ്ങൾ സന്ദർശിക്കുന്നത് പരമാവധി ഒഴിവാക്കണം, കുട്ടികളുടെ ശുചിത്വം- ആരോഗ്യപരിപാലനം എന്നിവ രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം, കുട്ടികൾ ശരിയായ രീതിയിലുള്ള ഭക്ഷണം കഴിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം തുടങ്ങിയ പ്രധാന നിർദേശങ്ങളാണ് അധികൃതർ നൽകിയത്.