ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ജിദ്ദയിലെ കിങ്ഡം ടവറിന്റെ നിർമ്മാണം പുനരാരംഭിച്ചു. 1,000 മീറ്റർ ഉയരത്തിലുള്ള കിങ്ഡം ടവർ പൂർത്തിയാകുന്നതോടെ ലോകത്ത് ബുർജ് ഖലീഫ രണ്ടാം സ്ഥാനത്തേയ്ക്ക് പിൻതള്ളപ്പെടും. നിലവിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫയുടെ ഉയരം 828 മീറ്ററാണ്.
ജിദ്ദ ഇക്കണോമിക് സിറ്റിയാണ് കിങ്ഡം ടവറിന്റെ നിർമ്മാണ പ്രവൃത്തിക്ക് മേൽനോട്ടം വഹിക്കുന്നത്. പ്രധാന ടവർ ഉൾപ്പെടെ പ്രാരംഭ ഘട്ടം 1.5 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് ഒരുക്കുന്നത്. ജിദ്ദ ടവറിലെ താമസസമുച്ചയത്തിൽ 2 മുതൽ 6 കിടപ്പുമുറി ഫ്ലാറ്റുകൾ വരെയുണ്ടാകും. താമസക്കാർക്ക് ഉയർന്ന ജീവിതനിലവാരം ഉറപ്പാക്കാനും ഇതുവഴി സാധിക്കും. കൂടാതെ ഷോപ്പിങ് മാൾ, ലക്ഷ്വറി ബൊട്ടിക്, റസ്റ്റോറന്റ്, ടെന്നീസ് കോർട്ട് തുടങ്ങി ഒട്ടേറെ സൗകര്യങ്ങൾ ഇവിടെ ഒരുക്കും. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള നിരീക്ഷണ നിലയവും ഇതോടനുബന്ധിച്ച് സജ്ജമാകും.
2011-ൽ പ്രഖ്യാപിച്ച് 2013-ൽ നിർമാണം ആരംഭിച്ച ടവർ 2019-ൽ പൂർത്തിയാകുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ 50 നില വരെ ഉയർന്ന കെട്ടിടത്തിന്റെ നിർമ്മാണം പിന്നീട് പല കാരണങ്ങളാൽ നീണ്ടുപോകുകയായിരുന്നു.