ചെങ്കടൽ വികസന പദ്ധതിക്ക് കീഴിൽ വിമാനത്താവളത്തിന്റെ നിർമാണം പൂർത്തിയാക്കി സൗദി അറേബ്യ. റെഡ് സീ വിമാനത്താവളത്തിലേക്ക് തലസ്ഥാനമായ റിയാദിൽനിന്നാണ് വിമാന സർവിസ് ആരംഭിക്കുന്നത്. സൗദിയയുടെ വിമാനങ്ങൾ ഇരുദിശയിലേക്കും സർവിസ് നടത്തും. പിന്നീടാണ് ജിദ്ദ-റെഡ് സീ വിമാന സർവിസിന് തുടക്കം കുറിക്കുക.
ഈ വർഷം തന്നെ റെഡ് സീ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്യുമെന്ന് റെഡ് സീ ഇൻറർനാഷണൽ കമ്പനി സി.ഇ.ഒ ജോൺ പഗാനോ വ്യക്തമാക്കി. കടലിൽ നിർമാണം പൂർത്തിയാവുന്ന റെഡ്സീ ടൂറിസം പ്രദേശത്തെ ആദ്യത്തെ മൂന്ന് റിസോർട്ടുകളും ഈ വർഷം ഉദ്ഘാടനം ചെയ്യുമെന്നും സി.ഇ.ഒ പറഞ്ഞു.
സൗദി അറേബ്യൻ എയർലൈൻസും (സൗദിയ) റെഡ് സീ ഇൻറർനാഷനൽ എയർപോർട്ട് ഓപ്പറേറ്റിങ് കമ്പനിയായ ഡി.എ.എ ഇൻറർനാഷനലും തമ്മിൽ ധാരണാപത്രം ഒപ്പുെവച്ച വേളയിലാണ് അദ്ദേഹം ഈ വെളിപ്പെടുത്തൽ നടത്തിയത്. ഇതോടെ റെഡ് സീ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (ആർ.എസ്.ഐ) ആദ്യമായി സർവിസ് നടത്തുന്ന വിമാനസക്കമ്പനിയായി സൗദി എയർലൈൻസ്. അടുത്ത വർഷത്തോടെ അന്താരാഷ്ട്ര വിമാന സർവിസിനും തുടക്കമാകും. കരാർ പ്രകാരം സൗദി എയർലൈൻസ് ആയിരിക്കും ആദ്യമായി റെഡ്സീ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചും പതിവായി വിമാന സർവിസ് നടത്തുക.