തൊഴിലിടങ്ങളിലെ പീഡനം അഞ്ച് വർഷം തടവ് ലഭിക്കാവുന്ന കുറ്റമാണെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ. തൊഴിലിടങ്ങൾക്ക് പുറമെ വിദ്യാലയങ്ങൾ, ഷെൽറ്റർ ഹോമുകൾ മുതലായ സ്ഥലങ്ങളിൽ സ്ത്രീകൾക്ക് നേരെ നടക്കുന്ന വിവിധ രീതികളിലുള്ള ഉപദ്രവങ്ങൾ അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്നാണ് സൗദി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചത്. തടവിന് പുറമെ ഇത്തരം നിയമലംഘനങ്ങൾക്ക് മൂന്ന് ലക്ഷം റിയാൽ വരെ പിഴ ലഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
പൊതു, സ്വകാര്യ തൊഴിൽ മേഖലകളിൽ സ്ത്രീകൾക്കെതിരെ ഉൾപ്പെടെ നടക്കുന്ന നിയമലംഘനങ്ങൾ തടയുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും പബ്ലിക് പ്രോസിക്യൂഷൻ പറഞ്ഞു. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് അത് സംബന്ധിച്ച വിവരങ്ങൾ അധികൃതരെ അറിയിക്കാമെന്നും തുടർന്ന് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.