കോഴിക്കോട് നിപ വൈറസ് ബാധിച്ച് മരിച്ച ആദ്യത്തെയാളുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. കുറ്റ്യാടി മരുതോങ്കര കള്ളാട് എടവലത്ത് മുഹമ്മദിന്റെ (48) റൂട്ട് മാപ്പാണ് പുറത്തുവിട്ടത്. വൈറസ് സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിലായ കുടുതൽ പേരെ കണ്ടെത്തി. മൂന്ന് കേസുകളിൽ നിന്നായി 702 പേരാണ് സമ്പർക്കപ്പട്ടികയിൽ ഉള്ളത്. നിപയെ തുടർന്ന് ആദ്യം മരിച്ച ആളുടെ സമ്പർക്ക പട്ടികയിൽ 371 പേരും രണ്ടാമത്തെ ആളുടെ സമ്പർക്കപട്ടികയിൽ 281 പേരും ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ സമ്പർക്ക പട്ടികയിൽ 50 പേരുമാണുള്ളത്.
ഓഗസ്റ്റ് 22ന് മുഹമ്മദിന് രോഗലക്ഷണങ്ങൾ കണ്ടു. 23ന് തിരുവള്ളൂർ കുടുംബച്ചടങ്ങിൽ പങ്കെടുത്ത അദ്ദേഹം 25ന് മുള്ളൂർകുന്ന് ഗ്രാമീൺ ബാങ്കിലും കള്ളാട് ജുമാ മസ്ജിദിലും എത്തി.26ന് കുറ്റ്യാടിയിലെ ക്ലിനിക്കിൽ ഡോക്ടറെ കണ്ടു. 28ന് തൊട്ടിൽപാലത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 29ന് ആംബുലൻസിൽ കോഴിക്കോട്ട് ആശുപത്രിയിലെത്തിച്ച മുഹമ്മദ് 30ന് മരിച്ചു. രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ മെഡിക്കൽ സംഘം പറമ്പിൽ നിന്ന് അടയ്ക്ക ശേഖരിച്ചു.
കോഴിക്കോട്ടെ രണ്ടു ആരോഗ്യപ്രവർത്തകർക്കും നിപ ലക്ഷണമുണ്ട്. സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകർക്കാണ് രോഗലക്ഷണമുളളത്. ഇവരുടെ സ്രവസാംപിൾ പരിശോധനയ്ക്ക് അയച്ചു.നിപ സ്ഥിരീകരിച്ച സാംപിളുകൾ ഉൾപ്പെടെ ആകെ ഏഴു സാംപിളുകളാണ് ഇതുവരെ പരിശോധനക്കയച്ചത്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് മൊബൈൽ ലാബും ജില്ലയിൽ സജ്ജമാക്കും. ഇത് വഴി പരിശോധനാ ഫലം ലഭ്യമാകുന്നതിനുള്ള കാലതാമസം ഒഴിവാകും.