തമിഴ് യുവതാരം അശോക് സെൽവനും നടി കീർത്തി പാണ്ഡ്യനും വിവാഹിതരായി. ദീര്‍ഘനാളായി ഇരുവരും പ്രണയത്തിലായിരുന്നു. ഓ കടവുളേ, പോര് തൊഴില്‍ എന്നീ ചിത്രങ്ങളിലൂടെയാണ് അശോക് ശ്രദ്ധേയനായത്. നിർമ്മാതാവും നടനുമായ അരുൺ പാണ്ഡ്യന്റെ ഇളയ മകളാണ് കീർത്തി. തുമ്പ എന്ന സിനിമയിലൂടെയാണ് താരം അരങ്ങേറ്റം കുറിച്ചത്. തിരുനെല്‍വേലിയില്‍ നടന്ന ചടങ്ങില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. സിനിമയിലെ സഹപ്രവർത്തകർക്കുവേണ്ടി ഞായറാഴ്ച ചെന്നൈയില്‍ വിവാഹ സത്ക്കാരം നടക്കുമെന്നാണ് വിവരം.
സൂദു കാവ്വും എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് അശോക് സെല്‍വന്റെ അരങ്ങേറ്റം. പിസ രണ്ടിലൂടെയാണ് നായകനായി എത്തുന്നത്. പ്രിയദർശൻ സംവിധാനം ചെയ്ത മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലെ വില്ലനായ അച്യുതൻ മാങ്ങാട്ടച്ഛൻ എന്ന വേഷത്തിലൂടെ അശോക് മലയാളത്തിലും അരങ്ങേറ്റം കുറിച്ചിരുന്നു. പോര് തൊഴിലിലെ കഥാപാത്രം താരത്തിന് ഏറെ ജനശ്രദ്ധ നൽകിയ ചിത്രമാണ്. സബാനായകന്, ബ്ലൂ സ്റ്റാര്‍ എന്നിവയാണ് അടുത്ത ചിത്രങ്ങള്‍.