യുഎഇയിൽ പകർച്ചപ്പനി വ്യാപിക്കുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശം നൽകി ആരോഗ്യ വിദഗ്ധർ. പനി കൂടുതലായും വ്യാപിക്കാൻ സാധ്യതയുള്ളത് സ്കൂളിൽ നിന്നാണെന്നും അതിനാൽ പനിയുള്ള കുട്ടികളെ സ്കൂളുകളിൽ വിടരുതെന്നും ആരോഗ്യ വകുപ്പ് അധികൃതർ നിർദേശിച്ചു. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് യുഎഇയിൽ പകർച്ചപ്പനി വ്യാപകമായതിനാൽ ക്ലിനിക്കുകളിലും ആശുപത്രികളിലും ചികിത്സ തേടുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ചുവരികയാണ്.
പനിക്ക് പുറമെ ജലദോഷം, ചുമ, തുമ്മൽ, മൂക്കൊലിപ്പ്, ചെവി വേദന തുടങ്ങിയവ ബാധിച്ച കുട്ടികളെയും സ്കൂളിൽ വിടരുതെന്ന് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു. വീടുകളിലും സ്കൂളുകളിലും ഓഫീസുകളിലും ഒരാൾക്ക് പനി ബാധിച്ചാൽ മറ്റുള്ളവരിലേക്കും പെട്ടെന്ന് പടരാൻ സാധ്യതയുള്ളതിനാൽ നേരത്തെ തന്നെ വാക്സിൻ എടുത്ത് രോഗപ്രതിരോധം ഉറപ്പാക്കണമെന്നും ഡോക്ടർമാർ നിർദേശിച്ചു. കൂടാതെ രോഗ ലക്ഷണങ്ങൾ കണ്ടാൻ ഉടൻ ചികിത്സ ലഭ്യമാക്കണമെന്നും കുട്ടികളുടെ ആരോഗ്യത്തിന് മുൻഗണന നൽകാൻ രക്ഷിതാക്കളും സ്കൂൾ അധികൃതരും പ്രത്യേകം ശ്രദ്ധിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.