ഐഐടി ഡൽഹിയുടെ ഇന്റർനാഷണൽ ക്യാമ്പസ് 2024 ജനുവരി മുതൽ അബുദാബിയിൽ പ്രവർത്തനമാരംഭിക്കുമെന്ന് ഐഐടി ഡൽഹി ഡയറക്ടർ രംഗൻ ബാനർജി അറിയിച്ചു. ഐഐടി ഡൽഹിയുടെ ആദ്യ ഇന്റർനാഷണൽ ക്യാമ്പസാണിത്. കമ്പ്യൂട്ടർ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, എനർജി ആന്റ് സസ്റ്റൈനബിലിറ്റി, ഹെൽത്ത് കെയർ മുതലായ വിഷയങ്ങളായിരിക്കും ആദ്യ ഘട്ടത്തിൽ ക്യാമ്പസിൽ ആരംഭിക്കുന്നത്. ക്യാമ്പസിലെ അധ്യയന സംബന്ധമായ വിഷയങ്ങൾ ADEK, മറ്റു സ്ഥാപനങ്ങൾ എന്നിവയുമായി ചേർന്ന് ഐഐടി ഡൽഹി തന്നെയായിരിക്കും കൈകാര്യം ചെയ്യുക.
ഉന്നത വിദ്യാഭ്യാസ രംഗത്ത് ഉൾപ്പെടെ യുഎഇ – ഇന്ത്യ ബന്ധം കൂടുതൽ ശക്തമാക്കുന്നതിന് ഐഐടി ഡൽഹിയുടെ ഇന്റർനാഷണൽ ക്യാമ്പസ് വഴിയൊരുക്കുമെന്ന് ഡയറക്ടർ രംഗൻ ബാനർജി വ്യക്തമാക്കി. മുഹമ്മദ് ബിൻ സായിദ് യൂണിവേഴ്സിറ്റി ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ന്യൂയോർക്ക് യൂണിവേഴ്സിറ്റി അബുദാബി, ടെക്നോളജി ഇന്നോവേഷൻ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയവയുമായി സഹകരിച്ച് സംയോജിത പ്രോഗ്രാമുകൾ, ഗവേഷണങ്ങൾ മുതലായവയും ഐഐടി ഡൽഹി അബുദാബി ക്യാമ്പസിൽ ലഭ്യമാക്കും.