ടൂറിസം മേഖലയിലെ അനന്ത സാധ്യതകളുമായി മറീന പദ്ധതിക്ക് ബഹ്റൈനിൽ തുടക്കമായി. 200 ദശലക്ഷം ദിനാർ മുതൽ മുടക്കിൽ 2,56,000 ചതുരശ്ര മീറ്ററിൽ ആരംഭിക്കുന്ന പദ്ധതിക്കാണ് തുടക്കമായത്. ബഹ്റൈനെ മികച്ച ടൂറിസം, വാണിജ്യ കേന്ദ്രമാക്കി മാറ്റുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയോടൊപ്പം കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പദ്ധതി വഴി സാധ്യമാകുമെന്നാണ് കരുതപ്പെടുന്നത്.
പദ്ധതിയുമായി ബന്ധപ്പെട്ട് ബഹ്റൈൻ മറീന കമ്പനിയും നാസ് കോൺട്രാക്റ്റിങ് കമ്പനിയുമായി നിർമ്മാണക്കരാറിൽ കഴിഞ്ഞ ദിവസം ഒപ്പുവെച്ചിരുന്നു. നാസ് കോൺട്രാക്റ്റിങ് കമ്പനിയാണ് പദ്ധതിയുടെ ആദ്യ ഘട്ടം പൂർത്തിയാക്കുന്നത്. 92 ദശലക്ഷം ദിനാറാണ് ഒന്നാം ഘട്ടം പൂർത്തിയാക്കാൻ ആവശ്യമായ തുക. മുഹമ്മദ് സലാഹുദ്ദീൻ എഞ്ചിനീയറിങ് കൺസൾട്ടൻസിയാണ് നിർമ്മാണത്തിന് മേൽനോട്ടം വഹിക്കുന്നത്.