പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ ജീവനക്കാർക്ക് പുതിയ യൂണിഫോമെന്ന് റിപ്പോർട്ടുകൾ. താമര ചിഹ്നം പതിപ്പിച്ച ക്രീം കളർ ഷർട്ടും കാക്കി പാന്റും ക്രീം കളർ ജാക്കറ്റുമാണ് വേഷമെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ലോക്സഭ, രാജ്യസഭ സെക്രട്ടേറിയറ്റ് ജീവനക്കാർ, ചേംബർ അറ്റൻഡന്റുമാർ തുടങ്ങിയ സ്റ്റാഫുകൾക്കാണ് പുതിയ യൂണിഫോം.
പുതിയ പാർലമെന്റ് സമ്മേളനത്തിൽ പുതിയ യൂണിഫോം ധരിച്ച് എത്തണമെന്നാണ് ജീവനക്കാർക്ക് നൽകിയിട്ടുള്ള നിർദേശം. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയാണ് യൂണിഫോം രൂപകൽപ്പന ചെയ്തിട്ടുള്ളത്. രാജ്യസഭയുടെ കാർപെറ്റിലും താമര ചിഹ്നം ആലേഖനം ചെയ്തിട്ടുണ്ട്. ജീവനക്കാർക്ക് പ്രത്യേക പെരുമാറ്റപരിശീലനവുമുണ്ട്.
വനിതാ ജീവനക്കാർക്ക് പുതിയ ഡിസൈനിലുള്ള സാരിയാണ് വേഷമെന്നുമാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പാർലമെന്റ് സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെ വേഷത്തിലും മാറ്റമുണ്ട്. നീല സഫാരി സ്യൂട്ടിന് പകരം സൈനികരുടേതിന് സമാനമായ യൂണിഫോമായിരിക്കും. ലോക്സഭ, രാജ്യസഭ മാർഷലുമാർക്ക് മണിപ്പൂരി ശിരോവസ്ത്രമുണ്ടാകും. സെപ്റ്റംബർ 18 നാണ് പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ആരംഭിക്കുന്നത്. ആദ്യ ദിനം പഴയ പാർലമെന്റ് മന്ദിരത്തിൽ ലോക്സഭ, രാജ്യസഭ അംഗങ്ങളുടെ സംയുക്ത സിറ്റിങ്ങ് നടക്കും. ഗണേശ ചതുർത്ഥി ദിനത്തിൽ പാർലമെന്റിന്റെ പുതിയ മന്ദിരത്തിലാകും സിറ്റിങ്ങ്. അന്ന് പ്രത്യേക പൂജകളും നടക്കും.