മൊറോക്കോയിലെ ഭൂകമ്പ ദുരിത ബാധിതർക്കായി കൈകോർത്ത് ഖത്തറിലെ സന്നദ്ധ സംഘടനകൾ. ഖത്തറിലെ പ്രധാന സന്നദ്ധ സംഘടനകളായ ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റിയും ഖത്തർ ചാരിറ്റിയുമാണ് മൊറോക്കോയിൽ അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായിരിക്കുന്നത്. ഖത്തർ റെഡ് ക്രസന്റ് 10 ലക്ഷം റിയാലിന്റെ അടിയന്തര സഹായമാണ് മൊറോക്കോയ്ക്ക് അനുവദിച്ചിരിക്കുന്നത്.
അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ മാർഗനിർദേശപ്രകാരം രക്ഷാപ്രവർത്തന സംഘത്തെയും മെഡിക്കൽ സഹായങ്ങളും നൽകിയതിന് പുറമേയാണ് സന്നദ്ധ സംഘടനകളുടെ ഇടപെടൽ. ദുരിതബാധിതർക്ക് ഭക്ഷ്യ വസ്തുക്കൾ, താമസിക്കാനുള്ള കൂടാരങ്ങൾ, സോളാർ ലൈറ്റുകൾ, കമ്പിളി പുതപ്പുകൾ, വ്യക്തിഗത ശുചിത്വ സാമഗ്രികൾ, മെഡിക്കൽ സാമഗ്രികൾ എന്നിവ ഉൾപ്പെടെയുള്ള സഹായമാണ് സന്നദ്ധ സംഘടനകൾ നൽകുന്നത്.
ഖത്തർ ചാരിറ്റിയുടെ ഫീൽഡ് പ്രവർത്തകർ മൊറോക്കോയിൽ കഴിഞ്ഞ ദിവസം അടിയന്തര സഹായമായ കുടിവെള്ളം, ഭക്ഷണം, കമ്പിളി പുതപ്പുകൾ, അവശ്യ സാധനങ്ങൾ തുടങ്ങിയവ വിതരണം ചെയ്തിരുന്നു. മൊറോക്കൻ ജനതയ്ക്കായി ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റിയും ഖത്തർ ചാരിറ്റിയും പൊതുജനങ്ങളിൽ നിന്നും സഹായങ്ങൾ സ്വീകരിക്കുന്നുണ്ട്. സംഘടനകളുടെ വെബ്സൈറ്റ് മുഖേനയോ ഓഫീസിൽ നേരിട്ടെത്തിയോ സംഭാവനകൾ നൽകാൻ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു.