കോഴിക്കോട് നിപ സംശയം ഉയർന്നതിനെത്തുടർന്ന് ആരോഗ്യ വകുപ്പ് കോഴിക്കോട് അടിയന്തരയോഗം ചേരും. ഡിഎംഒയാണ് അടിയന്തര യോഗം വിളിച്ചത്. ആരോഗ്യ വകുപ്പ് ജില്ലയിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പനി ബാധിച്ചുള്ള അസ്വാഭാവിക മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ജാഗ്രതാ നിർദേശം നൽകിയത്.
രാവിലെ 10.30 നാണ് യോഗം. ആരോഗ്യ വകുപ്പ് മന്ത്രി വീണാജോർജും ആരോഗ്യവകുപ്പ് ഡയറക്ടറും ജില്ലാ കലക്ടറും യോഗത്തിൽ സംബന്ധിക്കും. കോഴിക്കോട് മരുതോങ്കര, തിരുവള്ളൂർ പ്രദേശവാസികളാണ് മരിച്ചത്. ആദ്യം മരിച്ചയാളുടെ ബന്ധുക്കളായ മൂന്ന് കുട്ടികളുൾപ്പെടെ നാലുപേർക്ക് ലക്ഷണങ്ങൾ കണ്ടതോടെ ഇവരെ ഐസൊലേഷനാക്കി. പനി ലക്ഷണങ്ങളോടെ ചികിത്സയിലുള്ള രണ്ടു കുട്ടികളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, മരിച്ചയാളുടെ ബന്ധുവായ 25വയസു കാരന്റെ നില തൃപ്തികരമാണെന്നാണ് വിവരം. മരിച്ചയാളുടെ സമ്പർക്കത്തിലുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. അതിനായി ഫീൽഡ് സർവ്വെ തുടങ്ങിയിരിക്കുകയാണ് ആരോഗ്യ വകുപ്പ്.
പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പരിശോധനാ ഫലം ഇന്ന് ഉച്ചയോടെ ലഭിച്ചേക്കും. അതേസമയം, പ്രാദേശിക പരിശോധനയിൽ നിപ സ്ഥിരീകരിച്ചതായാണ് വിവരം. രോഗബാധ സംശയിക്കുന്നവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. പരിശോധന ഫലത്തിൽ രോഗം സ്ഥിരീകരിച്ചാൽ, നിപ പ്രോട്ടോകോൾ നടപടികളിലേക്ക് ആരോഗ്യവകുപ്പ് കടക്കും. അതിനിടെ നിപ ബാധിച്ച് മരിച്ചതായി സംശയിക്കുന്നവരുടെ സമ്പർക്കപട്ടിക തയ്യാറാക്കി തുടങ്ങി. സൂക്ഷ്മമായി സമ്ബർക്കപ്പട്ടിക തയാറാക്കാനാണ് അധികൃതരുടെ നീക്കം. കുറ്റ്യാടി, നാദാപുരം മണ്ഡലങ്ങളിൽപ്പെട്ട പ്രദേശങ്ങളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ആയഞ്ചേരി, മരുതോങ്കര ഭാഗങ്ങളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. സ്കൂളുകൾക്കും അങ്കണവാടികൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.